അടിമുടി മാറ്റവുമായി ഇ-ലൂണ എത്തുന്നു

പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. പല ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും 71,990 രൂപ മുതല്‍ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നല്‍കിയിരിക്കുന്നത്.

ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍. ഇത് ഇ ലൂണയേയും എളുപ്പം ഇരുചക്ര ‘ചരക്കു’ വാഹനമാക്കാന്‍ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും.

രൂപത്തില്‍ കുഞ്ഞനെങ്കിലും വലിയ പല ഇരുചക്രവാഹനങ്ങള്‍ക്കും സ്വപ്‌നം പോലും കാണാനാവാത്ത കരുത്തുള്ള ജോലികള്‍ നേരത്തെയും ചെയ്തു ഞെട്ടിച്ചിട്ടുണ്ട് ലൂണ. അതുകൊണ്ടുതന്നെ ഇ ലൂണയും നാട്ടിന്‍പുറങ്ങളുടെ ഇഷ്ടവാഹനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍തൂക്കം മറ്റെന്തിനെക്കാളും പ്രകടനത്തിനാണെങ്കിലും പല ആധുനിക സൗകര്യങ്ങളും ഇ ലൂണയിലുമുണ്ട്. ലളിതമായ എല്‍സിഡി ഡാഷ്, യുഎസ്ബി ചാര്‍ജിങ് പോട്ട്, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള ഇ ലൂണ മള്‍ബെറി റെഡ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Top