പ്രളയക്കെടുതി ; സംസ്ഥാനത്ത് പതിനൊന്നായിരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി റവന്യൂമന്ത്രി

e-chandrashekaran

കാസര്‍ഗോഡ്: കേരളമൊട്ടാകെ നാശം വിതച്ച പ്രളയക്കെടുതിയില്‍ പതിനൊന്നായിരം വീടുകള്‍ പൂര്‍ണമായും ഒരുലക്ഷത്തിപതിനയ്യായിരം വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മഹാപ്രളയം ദുരന്തം വിതച്ച നാടിന്റെ പുനസൃഷ്ടിക്കായി ദുരിതാശ്വാസനിധിയില്‍ എല്ലാവരുടേയും അനിവാര്യ പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും ഏഴായിരത്തോളംപേര്‍ കഴിയുന്നുണ്ട്. പൂര്‍ണമായും തകര്‍ന്ന വീടിനു പകരം വീടും ജീവനോപാധിയും ഉചിതമായ സ്ഥലത്ത് നല്‍കേണ്ട ബാധ്യത നമുക്കുണ്ട്. ദുരിതത്തില്‍ അകപ്പെട്ടവര്‍ നമ്മെപ്പോലെ ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ്. അവരില്‍ നമ്മളെത്തന്നെ കാണാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ദുിരാതാശ്വാനിധി സമാഹരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരും വകുപ്പ് തലവന്മാരും യോഗത്തില്‍ പങ്കെടുത്തു.

Top