മഴക്കെടുതി ; കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി

chandrasekaran

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കവും തുടര്‍ന്നുണ്ടായ ദുരിതങ്ങളും വിലയിരുത്താനാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. എന്നാല്‍ സ്ഥിതിഗതികള്‍ അതിനേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയില്‍ 22 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ദുരിതം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മഴ കൂടുതല്‍ ദുരിതം വിതച്ച നാലു ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. അടുത്തുള്ള ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ സൗകര്യമുണ്ടെങ്കില്‍ കര്‍മ്മങ്ങള്‍ അവിടെ ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു.

മൂന്നാറിലെ സന്ദര്‍ശകര്‍ക്കും മന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ഇപ്പോള്‍ വിനോദ സഞ്ചാരത്തിനു പറ്റിയ സമയമല്ലെന്നും, സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന്റെ പേരില്‍ ആരും അപകടം വിളിച്ചു വരുത്തരുതെന്നും മന്ത്രി വ്യക്തമാക്കി.Related posts

Back to top