അഹമ്മദാബാദില്‍ നിന്ന് കാസര്‍ഗോട്ടേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമമെന്ന് ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: കാസര്‍കോട് ഓക്‌സിജന്‍ പ്രതിസന്ധിക്ക് കാരണം മംഗളൂരുവില്‍ നിന്നുള്ള വിതരണം നിലച്ചതാണെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്‍. ഓക്‌സിജന്‍ ചലഞ്ചിലൂടെ 160 ഓളം ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടിയെന്നും അഹമ്മദാബാദില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ കാരണം ആളുകള്‍ വലിയ തോതില്‍ പരിഭ്രാന്തരാകാതിരിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ ദൗര്‍ലഭ്യം അതാത് സമയങ്ങളില്‍ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിച്ചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്‌സിജന്‍ എത്തിക്കാനായി. ഇത് ഇനിയും തുടരും. ഇപ്പോഴുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ 13 ലക്ഷം ജനസംഖ്യയില്‍ മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കാനായത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഓക്‌സിജന്‍ ബെഡ് 147 ല്‍ നിന്ന് 1100 ആക്കാനാണ് ശ്രമിക്കുന്നത്. 49 ഡോക്ടര്‍മാരുടെ കുറവ് ജില്ലയിലുണ്ട്. സ്ഥിര നിയമനങ്ങള്‍ക്കായി ശ്രമം തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Top