ഇ-കാറിന് ലൈസന്‍സ് വേണമെന്നില്ല; ടോപോളിനോയുമായി ഫിയറ്റ് ഇന്ത്യയിലേക്ക്

ലക്ട്രിക്ക് വാഹന വിപണിയിലെ പുത്തന്‍ താരോദയമാണ് ടോപോളിനോ. ഫിയറ്റ് ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നതിനാല്‍ ഈ മോഡലിനെ വൈകാതെ നമുക്കും പ്രതീക്ഷിക്കാം. ടോപോളിനോ (Fiat Topolino EV) എന്നാണ് ഈ മൈക്രോ ഇലക്ട്രിക് കാറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറിനായുള്ള ബുക്കിംഗും ഫിയറ്റ് ഇറ്റലിയില്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വ്യക്തിഗത യാത്രാ ഓപ്ഷനായി ഇത് സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തുന്നത്. ഏകദേശം 19 ആഴ്ച്ചകള്‍ക്ക് ശേഷം ഫിയറ്റ് ടോപോളിനോ ഇവിക്കായുള്ള ഡെലിവറിയും ഇറ്റാലിയന്‍ ബ്രാന്‍ഡ് ആരംഭിക്കും. ഇതിനകം തന്നെ മതിയായ ഓര്‍ഡറുകള്‍ ലഭിച്ചുവെന്നാണ് ബ്രാന്‍ഡ് നല്‍കുന്ന വിശദീകരണം. ഫിയറ്റിന്റെ പുതിയ ടോപോളിനോ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ആവശ്യമില്ല. 14 വയസിന് താഴെയുള്ള ആര്‍ക്കും ഈവണ്ടി ഓടിക്കാന്‍ കഴിയും. കൗതുകകരമായ മറ്റൊരു കാര്യം ഈ മോഡല്‍ ഡോര്‍, ഡോര്‍ലെസ് പതിപ്പുകളിലും വരെ സ്വന്തമാക്കാനാവും. വിറ്റ ഗ്രീന്‍ എന്ന ഷേഡിലാണ് ഫിയറ്റ് ടോപോളിനോ വാഗ്ദാനം ചെയ്യുന്നത്. മറ്റ് കളര്‍ ഓപ്ഷനുകളെ കുറിച്ച് കമ്പനി വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.

നിലവില്‍ കോമെറ്റ് ഇവിക്കും ടിയാഗോ ഇവിക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചതിനാല്‍ കുഞ്ഞന്‍ വൈദ്യുത കാറിന്റെ വരവ് വിപണിയില്‍ തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത.് ടോപോളിനോ, കാഴ്ച്ചയ്ക്കും പെര്‍ഫോമന്‍സിനും വേണ്ടിയുള്ളതിനേക്കാള്‍ പ്രായോഗികതയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് ഫിയറ്റ് പറയുന്നത്. 500e ഇവിക്ക് ശേഷമുള്ള ഫിയറ്റിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ഇതിന് 5.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒന്ന് ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും ടോപോളിനോയ്ക്ക് സാധിക്കും. ഇതിനെ ഒരു കാര്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും, ഇത് ഹെവി ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ വീലുകള്‍ക്ക് സോളിറ്ററി റെട്രോ വീല്‍ ഡിസൈന്‍ ലഭിക്കുന്നുമുണ്ട്. രണ്ട് റൂഫ് ഓപ്ഷനുകളില്‍ ഫിയറ്റ് ടാപോളിനോ ലഭ്യമാവും. റിട്രാക്ടബിള്‍ ക്യാന്‍വാസ് റൂഫോ ക്ലോസ്ഡ് ഗ്ലാസ് റൂഫോ ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം സ്വന്തമാക്കാം. ക്രോം ഇഫക്റ്റ് മിററുകള്‍, യുഎസ്ബി ഫാന്‍, ബ്ലൂടൂത്ത് സ്പീക്കര്‍, സീറ്റ് കവറുകള്‍ എന്നിങ്ങനെ നിരവധി ഓപ്ഷണല്‍ ആക്സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ടോപോളിനോ ഫ്രാന്‍സിലും, ജര്‍മനിയിലും  വാഗ്ദാനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫിയറ്റ് ഇന്ത്യയിലേക്ക് വരുന്ന വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ടോപോളിനോ ഇവിയുടെ അവതരണത്തെ കുറിച്ചുള്ള വ്യക്തതയും ഉണ്ടാവും.

Top