DYSP-Sukumaran-Got-transfer- from-kannur-to-Idukki

കണ്ണൂര്‍ : ഒടുവില്‍ സുകുമാരന് പണികിട്ടി എട്ടിന്റെ തന്നെ പണി.

സിപിഎം പ്രവര്‍ത്തകരെ വേട്ടയാടുകയും എസ്എഫ്‌ഐ നേതാവിന്റെ ശരീരത്തില്‍ കമ്പികയറ്റുകയും ചെയ്തുവെന്ന ആരോപണമുയര്‍ത്തി സിപിഎം നേതൃത്വം പ്രതിക്കുട്ടില്‍ നിര്‍ത്തിയ കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്പി സുകുമാരന് ഇനി ഇടുക്കി മല കയറാം.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തെറുപ്പിക്കുമെന്ന സിപിഎം അണികളുടെയും നേതാക്കളുടെയും മുന്നറിയിപ്പ് 74 ദിവസത്തിന് ശേഷമെങ്കിലും നടപ്പായതില്‍ കണ്ണൂരിലെ സിപിഎമ്മുകാര്‍ ഹാപ്പിയാണ്. ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് സുകുമാരന്റെ പുതിയ നിയമനം.

കണ്ണൂര്‍ ഡിവൈഎസ്പിയായി യുഡിഎഫ് ഭരണത്തില്‍ നിയമിതനായ സുകുമാരന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകാരന്റെ വലംകൈ ആയാണ് അറിയപ്പെട്ടിരുന്നത്.

എസ്എഫ്‌ഐ നേതാക്കള്‍ മുതല്‍ സിപിഎം ജില്ലാ നേതാക്കള്‍ വരെ സുകുമാരന്റെ കോപത്തിനിരയായിരുന്നു.

ഒരു ഘട്ടത്തില്‍ അരിയില്‍ ഷുക്കൂര്‍ വധകേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ല സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കൂടെ എത്തിയ മുന്‍ എംഎല്‍എ എം വി ജയരാജന്‍ സുകുമാരന്റെ കമ്പി പ്രയോഗം ചൂണ്ടികാട്ടി പ്രതികരിച്ചത് വിവാദമായിരുന്നു.

ഷൂക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും പ്രതിയാക്കിയതിന് പിന്നില്‍ സുകുമാരന്റെ ഇടപെടലുകളായിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.

പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ സിപിഎം അനുകൂലികളായ ഇരുപതോളം പൊലീസുകാരെ കേസില്‍ പ്രതികളാക്കി സസ്‌പെന്റ് ചെയ്യിപ്പിച്ച് വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയതിന് പിന്നിലും ഈ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ കണ്ണൂരില്‍ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന് സുകുമാരനെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി മാറ്റേണ്ട സാഹചര്യമുണ്ടായപ്പോഴും രക്ഷക്കെത്തിയത് കെ സുധാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

കണ്ണൂരില്‍ നിന്ന് ചുമതല മാറ്റിയ അദ്ദേഹത്തിന് തൊട്ടടുത്ത ഇരുട്ടി സബ് ഡിവിഷനില്‍ ക്രമസമാധാന ചുമതല നല്‍കിയാണ് സംരക്ഷിച്ചിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ട സാഹചര്യമുണ്ടായപ്പോള്‍ സുകുമാരന്റെ കൂടി താല്‍പര്യം മുന്‍നിര്‍ത്തി കണ്ണൂര്‍ ഡി സിആര്‍ബി ഡിവൈഎസ്പിയായി നിയമനം നല്‍കുകയായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ ഇടുക്കിയിലേക്ക് സര്‍ക്കാര്‍ തെറിപ്പിച്ചിരിക്കുന്നത്.

Top