DYSP ABDUL RASHEED -cm Pinarayi

തിരുവനന്തപുരം ; സംസ്ഥാന പൊലീസിലെ ഡി.വൈ.എസ്.പി മാരുടെ സംഘടനയായ സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിനെ മാറ്റാന്‍ നീക്കം.

കൊച്ചിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത സംഘടനയുടെ ചടങ്ങ് വിവാദമായ പശ്ചാത്തലത്തിലാണിത്.

മാധ്യമ പ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ച റഷീദ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വന്‍ വിവാദങ്ങളക്കാണ് തിരികൊളുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ഇന്റലിജന്‍സിനോട് മുഖ്യമന്ത്രി വിശദീകരണവും തേടിയിരുന്നു.

pinarayi

പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സംഘാടകരുടെ പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഇന്റലിജന്‍സ് വിഭാഗവും പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്ന ഡി.ജി.പി യും ഐ.ജിയും കമ്മീഷണറുമൊന്നും ഗുരുതരമായ ഈ വിവരം ശ്രദ്ധയില്‍പ്പെടുത്താതിരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്.

ഇപ്പോഴത്തെ ഗവര്‍ണര്‍ മുതല്‍ മുന്‍ ആഭ്യന്തര മന്ത്രിവരെയുള്ളവര്‍ക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ നേരത്തെ കൈമാറുന്ന പതിവുണ്ടായിരുന്നു.

പരിപാടിക്കായി ഡി.ജി.പി യെയും ഐ.ജിയേയുമൊക്കെ നേരിട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിച്ചപ്പോള്‍ ‘ബോദ്ധ്യപ്പെട്ട’ കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല എന്നത് ഗൗരവമുള്ള കാര്യമാണൊണ് പൊലീസുകാര്‍ പോലും ചൂണ്ടിക്കാട്ടുന്നത്.

unnithan

മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായ ഉണ്ണിത്താനെ കൈ കാലുകള്‍ വെട്ടിയൊടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതിയാണ് റഷീദ്. 2012 -ല്‍ ഈ കേസില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഇപ്പോഴും തുടരന്വേഷണം നടക്കുകയാണ്. സി.ബി.ഐ അറസ്റ്റ് ചെയ്യുന്ന സമയത്തും സംഘടനയുടെ ഭാരവാഹിയായിരുന്നു റഷീദ്. പിന്നീട് നീണ്ട ജയില്‍ വാസത്തിനൊടുവില്‍ പുറത്തിറങ്ങിയെങ്കിലും ദീര്‍ഘനാള്‍ സസ്‌പെന്‍ഷനിലായിരുന്നു.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച റഷീദ് വീണ്ടും ഡി.വൈ.എസ്.പിമാരുടെ സംഘടനയുടെ പ്രസിഡന്റാകുന്നത് എതിരില്ലാതെയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു പ്രധാന മത്സരം.
ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുപ്പമാണ് റഷീദിനെതിരെ മത്സരിക്കാന്‍ ഉദ്യോഗസ്ഥരെ പിറകോട്ടടിപ്പിച്ചതെന്നാണ് അണിയറ സംസാരം.

Untitled-1

ഉണ്ണിത്താന്‍ വധശ്രമ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെന്നാണ് റഷീദ് പറഞ്ഞിരുന്നതെന്നും ഇത്തരമൊരു സാഹചര്യം തുടരുന്നതായി അറിയില്ലായിരുന്നുവെന്നുമാണ് പല ഡി.വൈ.എസ്.പി മാരും ഇപ്പോള്‍ പറയുന്നത്. ഇനിയും റഷീദിനെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സംഘടനയ്ക്ക് അനുകൂലമായ നിലപാടുണ്ടാകില്ലെന്ന് കണ്ടാണ് നേതൃമാറ്റ കാര്യം സംഘടനക്കുള്ളില്‍ ഇപ്പോള്‍ ശക്തമായിട്ടുള്ളത്.

ഇനി അസോസിയേഷന്‍ പ്രസിഡന്റ് എന്ന രൂപത്തില്‍ റഷീദ് പങ്കെടുക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ മുഖം തരാനുള്ള അവസരം പോലും നഷ്ടമാകുമെന്ന ഭീതിയും ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന്റെ ചുവട് മാറ്റത്തിനാ കാരണമാണ്.

അടുത്ത മാസം കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് സമ്പൂര്‍ണ്ണ മാറ്റം വരുത്താനാണ് നീക്കം.

Top