ഓര്‍മ്മയാകുന്ന ഇന്ത്യന്‍ തടാകങ്ങള്‍, ഇല്ലാതാകുന്നത് ജീവന്റെ ഖനികള്‍!!!

ബംഗ്ലൂരു : 1537ല്‍ ബംഗ്ലൂരു നഗരം സൃഷ്ടിക്കപ്പെട്ടത് അതി സൂഷ്മമായ എല്ലാ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിച്ചാണ്. തടാകങ്ങളുടെ നിര്‍മ്മാണമാണ് അതില്‍ അതിപ്രധാനം. നാല് തടാകങ്ങള്‍ വീട്ടാവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയപ്പോള്‍ ഒരെണ്ണം ജലസേചനത്തിനുള്ളതായിരുന്നു. കനാല്‍ നിര്‍മ്മാണങ്ങളാണ് മറ്റൊരു സവിശേഷത. മഴ സമയങ്ങളില്‍ വെള്ളം പുറത്തേയ്ക്ക് പോകാന്‍ ഈ സംവിധാനത്തിന് വലിയ പങ്കുണ്ടായിരുന്നു. ഇന്ന് ഇവയെല്ലാം വളരെയധികം മാറിപ്പോയിരിക്കുന്നു.

കര്‍ണ്ണാടക സര്‍ക്കാരിന്റെ കണക്കനുസരിച്ച് 35 ശതമാനം ജലവിതാനങ്ങളും സംസ്ഥാനത്ത് നശിപ്പിക്കപ്പെട്ടു. 1960 മുതലുള്ള കണക്കാണിത്. കനാലുകളും തടാകങ്ങളും കത്തുന്ന കാഴ്ചയാണ് കുറച്ച് നാളുകളായി ബംഗുളുരു നഗരം കാണുന്നത്. വ്യവസായ മേഖലയിലെ വിവിധ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ ജലാശയങ്ങള്‍ക്ക് കത്ത്പിടിക്കുന്നു!

burning lakes

മീഥേന്‍ വാതകം നിറഞ്ഞ് നില്‍ക്കുന്ന രീതിയിലാണ് നഗരത്തിലെ തടാകങ്ങള്‍ എന്നതിനേക്കാള്‍ വലിയ ദുരന്തമെന്തുണ്ട്..??? കുടിവെള്ളത്തിനായി ഒരു കാലത്ത് ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ഇവയൊക്കെയാണ്.

മനുഷ്യനാണ് എല്ലായിടത്തും കാര്യക്കാരന്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ വാരിപ്പുണര്‍ന്ന നഗരങ്ങള്‍ പാദത്തിനടിയില്‍ ഞെരിഞ്ഞമരുന്ന കുടിവെള്ള സ്രോതസ്സുകളെ കാണാതെ പോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്.

ചെറിയ ക്ലാസുകള്‍ മുതലേ പറയുന്നതും പഠിക്കുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് ജലാശയങ്ങളുടെ സംരക്ഷണം. എന്നിട്ടും അതിന് വേണ്ടി ചെറുവിരല്‍ അനക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വേദനാജനകം. കടുത്ത വേനലും കടുത്ത മഴയും ഒരുമിച്ച് അനുഭവിക്കേണ്ട ഗതികേടിലാണ് ഇന്ത്യ മുഴുവനും.

അധിക ജലം സംഭരിച്ച് വയ്ക്കുന്ന കേന്ദ്രങ്ങള്‍ മാത്രമല്ല, വലിയ ആവാസ വ്യവസ്ഥ കൂടിയാണ് ജലാശയങ്ങള്‍. ആളുകള്‍ വൈകുന്നേരങ്ങള്‍ ചിലവഴിയ്ക്കുന്ന ഇടങ്ങളാണ് തടാകങ്ങള്‍. നഗര മധ്യത്തില്‍ ആളുകളെ കൂട്ടിയിണക്കുന്ന കേന്ദ്രങ്ങള്‍. നദികള്‍ പോലെ മതപരമായ നിറം ചാര്‍ത്തലുകളോ കടലിന്റെ തിരമാല ഗര്‍ജ്ജനങ്ങളോ തടാകങ്ങള്‍ക്കില്ല. അത് എല്ലാവരുടെയും ഇടമാണ്. മേലങ്കികളൊന്നുമില്ലാത്ത സര്‍വ്വ സ്വീകാര്യമായ ഒരിടം.

ലോകത്തെ പല രാജ്യങ്ങളും അതീവ ശ്രദ്ധയോടെയാണ് തടാകങ്ങളെ സംരക്ഷിക്കുന്നത്. ജനീവയിലേതു പോലെ. എന്നാല്‍ ഇന്ത്യയിലെ ചില വടക്കുകിഴക്കന്‍ നഗരങ്ങല്‍ ഒഴികെ മറ്റൊന്നും തന്നെ ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ഭിന്താള്‍, നൈനിറ്റാള്‍ എല്ലാം അതിനുദാഹരണങ്ങളാണ്.

canals in bangaluru

രാജ്യത്ത് വളരെ വേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് നോയിഡ. നേരം ഇരുട്ടി വെളുക്കുമ്പോള്‍ മാറി മറിയുന്ന നിയുക്ത നഗരമാണ് നോയിഡ. 700 ലധികം ജലാശയങ്ങളുള്ള ഇവിടെ ഇപ്പോള്‍ 50 ശതമാനം മാത്രമാണ് നിലനില്‍ക്കുന്നത്. സേഫ് എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അല്‍പമെങ്കിലും പ്രത്യാശ നല്‍കുന്നത്. റിയല്‍ എസ്റ്റേറ്റ് കടന്നു കയറ്റങ്ങളും മണ്ണെടക്കലും ഇത്തരം ചെറിയ കാല്‍വെയ്പ്പുകളെപ്പോലും തടഞ്ഞു നിര്‍ത്തുന്നു.

പ്രാദേശിക പ്രാധിനിത്യമാണ് ഏറ്റവും പ്രധാനം. അതിന്റെ കരുത്തിലാണ് പല ജലാശയങ്ങളും പുനസൃഷ്ടിക്കപ്പെടുന്നത്. നമ്മുടെ വരട്ടാറു പോലെ. അതിനുള്ള പണ സമാഹരണമാണ് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

ടെക്‌നോളജിയാണ് മറ്റൊരു ഘടകം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ് നവീന ആശയം മുന്നോട്ട് വച്ചിട്ടുണ്ട്. തടാകങ്ങളിലെ കോണ്‍ക്രീറ്റ് ഫലകങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹാര്‍ദ്ര ഇഷ്ടികകള്‍ സ്ഥാപിക്കണം. അതിനായി പ്രത്യേകം ഇഷ്ടികകളും വികസിപ്പിച്ചു.

ജലാശയങ്ങളെ സംരക്ഷിക്കുന്നതിനേക്കാള്‍ പുണ്യമായ മറ്റൊന്നും തന്നെ ലോകത്തില്ല. കാരണം, ജീവന്റെ സമുദ്രത്തെയാണ് ഒരു തടാകം പോലും സ്വയം വഹിക്കുന്നത്. അണകെട്ടി ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന കേരളവും സമാനമായ ആശയങ്ങളിലേയ്ക്ക് ചുവട് മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു…

Top