കലാപത്തിന് കോണ്‍ഗ്രസ് ശ്രമമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പേരില്‍ കെ.എസ്.യു നടത്തുന്ന സമരത്തിന്റെ മറവില്‍ തലസ്ഥാനത്ത് തിങ്കളാഴ്ച കോണ്‍ഗ്രസ് കലാപത്തിന് പദ്ധതിയിടുന്നതായി ഡി.വൈ.എഫ്.ഐ. കോളജ് വീണ്ടും തുറക്കുന്ന ദിവസമായ തിങ്കളാഴ്ച വ്യാപക അക്രമം അഴിച്ചുവിടാനാണു തീരുമാനമെന്നതിനു തെളിവാണ് കെഎസ്‌യു സമരപ്പന്തലിലെ കെ.സുധാകരന്റെ പ്രഖ്യാപനമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പൊലീസിനും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമത്തിനാണ് പദ്ധതിയിടുന്നത്. ഇതിനായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ക്രിമിനലുകളെ തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നിരാഹാരം കിടക്കുന്നവരില്‍ രണ്ടുപേര്‍ കുത്തുകേസുകളില്‍ പ്രതികളാണെന്നും സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡന്റ് എസ്. സതീഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പിഎസ്‌സിക്കെതിരെ പ്രതിപക്ഷനേതാവ് അടിസ്ഥാനമില്ലാത്ത വ്യാജകഥകള്‍ നിര്‍മിച്ചുവിടുകയാണ്. ക്ലിഫ്ഹൗസിനു മുന്നില്‍ പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ പൊലീസ് ആക്രമിച്ചില്ല. തടയുക മാത്രമാണു ചെയ്തതെന്നും റഹീം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് സമരത്തിലെ കെഎസ്യു പ്രവര്‍ത്തകരെ അടിച്ചാല്‍ പൊലീസിനെ തിരിച്ചടിക്കുമെന്നായിരുന്നു കെ.സുധാകരന്‍ എംപി തിരുവനന്തപുരത്ത് ഞായറാഴ്ച പറഞ്ഞത്. കെഎസ്യു പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അടിക്കുകയാണ് ചില പൊലീസുകാര്‍ ചെയ്യുന്നത്. ഭരണം മാറി വരുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അന്നു പറയുകയുണ്ടായി.

Top