‘അമ്മ’യുടെ നടപടികള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ.

dyfi11

തിരുവനന്തപുരം: നടന്‍ ദിലീപിനെ പിന്തുണക്കുന്ന തരത്തില്‍ സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ. പ്രസ്തുത നിലപാട് ‘അമ്മ’ തിരുത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

നടിക്കുനേരെ ആക്രമണം ഉണ്ടായ സമയത്ത് തന്നെ ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ഉറച്ച നിലപട് സ്വീകരിച്ചിരുന്നു. എറണാകുളത്ത് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ച് നടിക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുകയാണ് ജനാധിപത്യ സമൂഹത്തിന്റെ കടമ. ആ കടമ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ പ്രവര്‍ത്തകരുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

നടിയുടെ സഹപ്രവര്‍ത്തകര്‍ക്കും അമ്മ സംഘടനക്കും നടിയെ പിന്തുണയ്ക്കാന്‍ ഉത്തരവാദിത്വമുണ്ട്. ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന അമ്മ സംഘടന സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താന്‍ തയാറായില്ലെങ്കില്‍ കേരളീയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡി.വൈ.എഫ്.ഐ ഓര്‍മ്മിപ്പിച്ചു.

Top