സുധാകരന്റെ കീഴില്‍ കോണ്‍ഗ്രസ് ഗുണ്ടാ സംഘമായി മാറി, ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്തത് ധിക്കാരം

തിരുവനന്തപുരം: ജനങ്ങളെ പരമാവധി ഉപദ്രവിക്കാത്ത രീതിയിലാവണം സമരം നടത്തേണ്ടതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം. പ്രതിഷേധങ്ങളില്‍ ജനങ്ങളുടെ സഹകരണവും ആവശ്യമാണെന്നും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരങ്ങളാകണം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തേണ്ടതെന്നും റഹീം വ്യക്തമാക്കി.

ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത നടപടി കോണ്‍ഗ്രസിന്റെ ധിക്കാരമാണ്. കെ.സുധാകരന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് ഒരു ഗുണ്ടാ സംഘമായി മാറിയിരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇന്ന് കൊച്ചിയില്‍ കണ്ടതെന്നും റഹീം പറഞ്ഞു.

ഇന്ധന വിലവര്‍ധനക്കെതിരെ സമരം ചെയ്യാനുള്ള രാഷ്ട്രീയവും ധാര്‍മികവുമായ അവകാശം കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ ഇന്ധന വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയത് കാരണമാണ് വില അടിക്കടി കൂടുന്നത്.

ഇന്ധന വിലവര്‍ധന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഏത് ജനകീയ വിഷയമുയര്‍ത്തിയുള്ള സമരമാണെങ്കിലും ശരി അത് പരമാവധി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കുറച്ച് നടത്താനുള്ള ഉത്തരവാദിത്തം അത് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

Top