കള്ളക്കടത്തുകാരുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് ഡിവൈഎഫ്‌ഐ

dyfi

കണ്ണൂര്‍: കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന് നിര്‍ദേശിച്ച് ഡി.വൈ.എഫ്.ഐ. ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിര്‍ദേശിച്ചു. അതേസമയം ഇന്ന് ചേരുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ക്വട്ടേഷന്‍ വിവാദം ചര്‍ച്ചയായേക്കും.

തിരഞ്ഞെടുപ്പ് അവലോകനം എന്ന അജണ്ടയാണ് ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് പോലുള്ള മണ്ഡലങ്ങളില്‍ വോട്ട് കുറയാനുണ്ടായ കാരണം, പേരാവൂരില്‍ ജയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം, മതന്യൂനപക്ഷങ്ങളില്‍ സി.പി.എമ്മിന് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട.

എന്നാല്‍ ക്വട്ടേഷന്‍ വിവാദ വിഷയം നേരത്തെ തന്നെ പാര്‍ട്ടി ദിവസങ്ങളോളം എടുത്ത് ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെയും അവരുമായി ബന്ധപ്പെടുന്നവരെയും തള്ളിപ്പറഞ്ഞിരുന്നു.
ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാള്‍ക്കും ക്വട്ടേഷന്‍ ബന്ധങ്ങളില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Top