തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം, കോണ്‍ഗ്രസ് ഫ്‌ലക്‌സുകള്‍ നശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് എതിരെ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനം. കോൺഗ്രസിന്റെ ഫ്‌ലക്‌സ് ബോർഡുകൾ നശിപ്പിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി റോഡിന് ഇരുവശത്തും സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ ഫ്‌ലക്‌സുകളാണ് നശിപ്പിച്ചത്.

യൂത്ത് കോൺഗ്രസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഡിവൈഎഫ്‌ഐ മാർച്ചിലുയർന്നു.’ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ ഒന്നിനു പത്ത്, പത്തിന് നൂറ്, നൂറിനൊരായിരം എന്നകണക്ക് വെട്ടിക്കീറും കട്ടായം.’ എന്നായിരുന്നു മുദ്രാവാക്യം. ‘കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ’യെന്നും മുദ്രാവാക്യമുയർന്നു.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുയർത്തിയതിന് അറസ്റ്റ് ചെയ്തത്.

വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ‘പ്രതിഷേധം…പ്രതിഷേധം’ എന്ന് മുദ്രാവാക്യം മുഴക്കി യുവാക്കൾ ഏഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇ പി ജയരാജൻ ഇവരെ തള്ളി താഴെയിട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലക്ഷ്യമിട്ടതെന്നുംം ഇവർ മദ്യപിച്ചിരുന്നെന്നും ഇ പി ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു.

Top