DYFI president Mohammad Riaz’s special interview with Express Kerala

കൊച്ചി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റിയാസ് Express Kerala-ക്ക് നല്‍കിയ പ്രത്യേക അഭിമുഖം.

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയെ ഏതു രീതിയിലായിരിക്കും നയിക്കുക. പ്രത്യേക കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ടോ ?

ഡി.വൈ.എഫ്.ഐക്ക് പുതിയകാലത്തിന്റെ മുഖം നല്‍കും. രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്വങ്ങളാണ് ദേശീയസമ്മേളനം ചര്‍ച്ച ചെയ്ത് പുതിയ കമ്മിറ്റിയെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

രാജ്യം ഇന്ന് നരേന്ദ്രമോദിയുടെ ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ അതിവേഗം ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യ ധ്വംസനം, അസഹിഷ്ണുത, മതനിരപേക്ഷതക്കുനേരെയുള്ള വെല്ലുവിളികള്‍ മതവര്‍ഗീയ ധ്രുവീകരണം വലിയതോതില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയായി മാറിയിരിക്കുന്നു.

പ്രധാനമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിക്കാന്‍ ജനാധിപത്യത്തില്‍ അവരെ തെരഞ്ഞെടുത്ത പൗരന്‍മാാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അങ്ങനെ വിമര്‍ശിച്ചാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്.

ജനാധിപത്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള പൗരന്റെ അവകാശം പോലും അംഗീകരിക്കുന്നില്ല. ഇത്തരം അപകടകരമായ പ്രവണത രാജ്യത്തുള്ളതിനാല്‍ ഡി.വൈ.എഫ്.ഐയുടെ പ്രധാന്യം കുറയുകയല്ല, വര്‍ധിക്കുകയാണ്. ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല രാജ്യത്ത് മതേതര ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഡി.വൈ.എഫ്.ഐയെ വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ആ നിലയിലുള്ള രാഷ്ട്രീയ ഉത്തരവാദിത്വം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കും.

രണ്ടാമതായി സംഘടനാപരമായി ഡി.വൈ.എഫ്.ഐക്ക് പുതിയകാലത്തിന്റെ മുഖം നല്‍കും. എണ്‍പതുകളില്‍ ഡി.വൈ.എഫ്.ഐ രൂപംകൊള്ളുന്ന കാലത്തെ അഭിരുചികളല്ല ഇപ്പോള്‍ യുവജനങ്ങള്‍ക്കുള്ളത്. 90കളിലുളളതല്ല 2000ത്തിലുള്ളത്. കഴിഞ്ഞ ദേശീയ സമ്മേളനം പോലും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കൊച്ചി കോണ്‍ഫറന്‍സിന്റെ സംഘാടനം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. നവമാധ്യമങ്ങളുടെ ഇപെടലാണ് ഇതിനു സഹായകമായത്. ഈ മാറ്റം നേതൃത്വം തിരിച്ചറിയുന്നുണ്ട്.

ഭരണഘടനാ ഭേദഗതി വരുത്തി കലാ, കായിക, ശാസ്ത്രസാങ്കേതിക മേഖലകളില്‍ കഴിവും തെളിയിച്ചവരെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തും. മെട്രോ നഗരങ്ങളിലും മറ്റും പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവര്‍ വിവിധ ജോലികളിലുണ്ട്. എന്നാല്‍ കടുത്തജോലിത്തിരക്കുകാരണം അവര്‍ക്കു കമ്മിറ്റികളില്‍ വരാന്‍ കഴിയില്ല. എന്നാല്‍ ഏറെ കഴിവുകളുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കഴിവുകളും പ്രയോജനപ്പെടുത്താനുള്ള നീക്കം സംഘടന നടത്തും.

പുതിയകാലത്തെ യുവതയുടെ അഭിരുചിക്കനുസരിച്ചുള്ള സ്വതന്ത്ര യുവജന പ്രസ്ഥാനമെന്ന നിലയില്‍ ഡി.വൈ.എഫ്.ഐ മാറും. യൂണിറ്റുകമ്മിറ്റികളാണ് സംഘടനയെ ചലിപ്പിക്കുന്ന കൈകാലുകള്‍, ഇവയെ രാജ്യത്താകമാനം ശക്തിപ്പെടുത്തും.

രാജ്യവ്യാപകമായി ഡി.വൈ.എഫ്.ഐ വലിയ ശക്തിയുള്ള പ്രസ്ഥാനമല്ല, പലസംസ്ഥാനങ്ങളിലും നാമാത്രമായ സാന്നിധ്യമാണുള്ളത്. പിന്നെ എങ്ങിനെയാണ് വര്‍ഗീയതക്കും കേന്ദ്രത്തിന്റെ ഫാസിസ്റ്റ് ഭരണത്തിനുമെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തുക ?

ജനാധിപത്യം അംഗീകരിക്കുന്ന മതേതരത്വം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന യുവജനസംഘടനകളുടെയും സാമൂഹ്യ സംഘടനകളുടെയും ഒരു കോമണ്‍ പ്ലാറ്റ് ഫോമിനായി ഡി.വൈ.എഫ്.ഐ നിലയുറപ്പിക്കും. ഇക്കാര്യം സമ്മേളനം ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്. ഇത്തരത്തിലുള്ള ഒരു പൊതുകൂട്ടായ്മയിലൂടെ അസഹിഷ്ണുതക്കും ഏകാധിപത്യത്തിനുമെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനാവും.

സാമൂഹ്യ വിഷയങ്ങളില്‍ ഏതു തരത്തിലുള്ള ഇടപെടലായിരിക്കും നടത്തുക ?

പൊതു രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇടം പിടിക്കാത്ത ദളിത്, ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍, മനുഷ്യാവകാശം തുടങ്ങിയ മേഖലകളില്‍ ഡി.വൈ.എഫ്.ഐ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടും. ഇതു സംബന്ധിച്ച കര്‍മ്മപരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം ഉയര്‍ത്തികാട്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയെ സമീപിച്ചതുകൊണ്ടാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി നിരോധിച്ചുകൊണ്ടുള്ള സുപ്രധാന വിധിന്യായമുണ്ടായത്. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇത്തരത്തിലുള്ള സജീവമായ ഇടപെടലുകള്‍ തുടരും.

ജനാധിപത്യത്തെ അംഗീകരിക്കുന്നവരുമായി സഹകരിക്കുമെന്നു പറയുമ്പോള്‍ കമ്യൂണിസ്റ്റ് പ്രത്യയശാത്രം ഉയര്‍ത്തിപ്പിടിക്കുന്ന മാവോയിസ്റ്റുകളുമായി എന്തു നിലപാട് സ്വീകരിക്കും ?

മാവോയിസം എന്നു പറഞ്ഞ് അവര്‍ മറ്റു പലരുടെയും ആയുധങ്ങളായി മാറുകയാണ് ഒരു വശത്ത് അരാജകത്വവും മറുപക്ഷത്ത് വലതുപക്ഷത്തിന്റെ ഉപകരണവുമായി മാറുകയാണ് മാവോയിസ്റ്റുകള്‍. എന്നാല്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നവരുമായി സഹകരിക്കാന്‍ ഒരു തടസവുമില്ല.

Top