റിയാസിനെതിരെ കോൺഗ്രസ്സിന്റെ സൈബർ ക്വട്ടേഷൻ . . .

muhammad-riyaz-dyfi

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസിനെതിരെ അണിയറയില്‍ നടക്കുന്നത് വന്‍ ഗൂഢാലോചന.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ ഭാര്യയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് കോണ്‍ഗ്രസ്സ് സൈബര്‍ ഗ്രൂപ്പുകള്‍ വ്യക്തിഹത്യ നടത്തി വരുന്നത്. ഈ നടപടിക്കെതിരെ റിയാസിന്റെ മുന്‍ ഭാര്യ സമീഹ തന്നെ ഇപ്പോള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം യുവജന സംഘടനയുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ റിയാസ് മത്സരിക്കാന്‍ സാധ്യത ഉള്ള പശ്ചാത്തലത്തില്‍ നടക്കുന്ന വ്യാജ പ്രചരണത്തെ സി.പി.എം നേതൃത്വവും ഗൗരവമായാണ് കാണുന്നത്.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമപരമായി പരസ്പര ധാരണയില്‍ പിരിഞ്ഞ റിയാസും സമീഹയും മക്കളുടെ കാര്യത്തില്‍ പരസ്പര സഹകരണത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കും മക്കള്‍ക്കും വലിയ മാനഹാനി ഉണ്ടാക്കുന്നുണ്ടെന്നും കുറ്റകരമായ ഉദ്യേശത്തോടെ നടത്തുന്ന ഈ പ്രചരണത്തിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് ഡോ.സമീഹ പരാതിയില്‍ ആവശ്യപ്പെടുന്നത്.

പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ

ഞാനും പിഎ മുഹമ്മദ് റിയാസും 2015ല്‍ പരസ്പര ധാരണയോടു കൂടി വിവാഹമോചിതരായതാണ്. രണ്ടു വ്യക്തികള്‍ എന്ന നിലയിലുള്ള സൗഹൃദം ഞങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഞങ്ങളുടെ രണ്ടു കുട്ടികളുടെയും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനിക്കാറുള്ളത്.

എന്നാല്‍ ഈയടുത്ത ദിവസങ്ങളായി, ഞങ്ങളുടെ വിവാഹ മോചന സമയത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്ന അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍, ചിലര്‍ ദുരുദ്ദേശ്യത്തോടു കൂടി കുത്തിപ്പൊക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചില വ്യക്തികളും സൈബര്‍ ഗ്രൂപ്പുകളും സംഘടിതമായായി ഫെയ്‌സ് ബുക്ക്, വാട്ടസ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു വരികയാണ്.

ഈ പ്രചരണങ്ങള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും, എന്റെ മക്കള്‍ക്കും വലിയ മാനഹാനിയുണ്ടാക്കുന്നവയാണ്. എന്നെയും എന്റെ മക്കളെയും ശ്രീ മുഹമ്മദ് റിയാസിനെയും വ്യക്തിഹത്യ നടത്താനുള്ള ദുരുദ്ദേശ്യവും ഈ പ്രചരണങ്ങള്‍ക്കു പിന്നിലുണ്ട്. ആയതിനാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റകരമായ ഉദ്ദേശ്യത്തോടെ ഈ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ് റെജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തി നിയമപരമായി കര്‍ശന നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’

Top