മോഡിയുടെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു

dyfi11

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനം. ചെന്നൈയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്.

വരുന്ന ജൂലൈ മാസമാണ് പാര്‍ലിമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ജൂലൈ മാസം ദേശീയ പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.

പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിയുടെ ഭരണത്തിനു കീഴില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും സ്ഥിരം തൊഴില്‍ സമ്പൂര്‍ണമായി നിര്‍ത്തലാക്കി കൊണ്ട് തൊഴില്‍ ശേഷിയെ ആകെ കരാര്‍ വല്‍ക്കരിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. വിലക്കയറ്റവും തൊഴില്‍ നഷ്ടവും സാമ്പത്തിക തകര്‍ച്ചയും മറച്ചു വയ്ക്കാനാണ് ബിജെപി-ആര്‍എസ്എസ് സംഘം രാജ്യത്താകെ വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചു വിടുന്നതെന്നും കമ്മിറ്റി വിമര്‍ശിച്ചു.

പാര്‍ലിമെന്റ് മാര്‍ച്ചിന് മുന്നോടിയായി വിവിധ മേഖലകളില്‍ തൊഴിലില്ലായ്മ കാരണം പ്രയാസം അനുഭവിക്കുന്ന യുവജനങ്ങളുടെ പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.

ഓരോ സംസ്ഥാനത്തും കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭോയ് മുഖര്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Top