കൊലവിളി മുദ്രാവാക്യം; മേഖലാ സെക്രട്ടറിക്കെതിരേ നടപടിയെടുത്ത് ഡിവൈഎഫ്‌ഐ

മലപ്പുറം: നിലമ്പൂരിൽ വ്യാഴാഴ്ച വൈകിട്ടു യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്‌ഐ നേതാക്കൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ നടപടി. മുത്തേടം മേഖല സെക്രട്ടറി പികെ ഷെഫീഖിനെ എല്ലാവിധ സംഘടനാ ചുമതലകളിൽ നിന്നും മാറ്റി.മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് നടപടി.

ഷുക്കൂറിനെ കൊന്നത് മറക്കേണ്ട എന്ന ഭീഷണി സ്വരത്തിലുള്ള മുദ്രാവാക്യം വിളി വിവാദമായിരുന്നു. മൂത്തേടം പ്രദേശത്ത് ഒരാഴ്ചയായി നിലനിൽക്കുന്ന ഡിവൈഎഫ്‌ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റും സെക്രട്ടറിയും അടക്കം ഇരുപതോളം പേരുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്.

‘ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. ഇനിയും അരിഞ്ഞു തള്ളും’ എന്നായിരുന്നു മുദ്രാവാക്യം. കൊലവിളി മുദ്രാവാക്യം ഷെഫീഖ് വിളിക്കുന്നതും അത് മറ്റുള്ളവർ ഏറ്റുവിളിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തായതോടെ യൂത്ത് കോൺഗ്രസ്സും യൂത്ത് ലീഗും അടക്കമുള്ളവർ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് എടക്കര പോലീസ് കേസെടുക്കുകും ചെയ്തു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അടയന്തര യോഗം വിളിച്ച് നടപടിയെടുത്തത്. ഇത് പാർട്ടിയുടെ നയമല്ലെന്നാണ് സംഘടന അറിയിച്ചത്.

Top