ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിൽ.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട് ജയദേവൻ. ഇന്നലെയും ഇതാവർത്തിച്ചു. ജയദേവൻ തന്റെ പ്രായമായ അമ്മയെ മർദ്ദിക്കുന്നത് കണ്ടു ശ്രീജിത്ത് ജയദേവന്റെ വീട്ടിലേക്ക് കയറി ചെന്ന് തടയാൻ ശ്രമിച്ചു.

ശ്രീജിത്തിനൊപ്പം മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ജയദേവൻ പ്രകോപിതനായി. പിന്നാലെയാണ് ഇയാൾ ശ്രീജിത്തിനെ വെട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

വെട്ടേറ്റ ഉടനെ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ജയദേവൻ ഇത്തരത്തിൽ മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അന്നും ശ്രീജിത്ത് ജയദേവനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

Top