ലഹരിക്കെതിരെ സ്പോർട്സ് മീറ്റ് സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ 2,482 കേന്ദ്രങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി ഡി.വൈ.എഫ്.ഐ. ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന പേരിൽ സംസ്ഥാന തലത്തിൽ സ്‌പോർട്‌സ് മീറ്റുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഹരിക്ക് അടിമയായവരെ വിമുക്തി കേന്ദ്രങ്ങളിലെത്തിക്കാൻ പ്രത്യേക പദ്ധതി വേണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ലഹരിക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിരോധവും ബോധവത്കരണവും എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന തല ക്യാമ്പയിന് തുടക്കമിട്ടത്. ഇതിൻറെ ഭാഗമായി 2482 കേന്ദ്രങ്ങളിൽ ഇതിനോടകം ജനകീയ സദസുകളും പ്രതിരോധ സമിതികളും രൂപീകരിച്ചു കഴിഞ്ഞു. ഈ സമിതികൾ മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ യുവ തലമുറയെ ലഹരിയിൽ നിന്നും മാറി നടക്കാൻ പ്രേരിപ്പിക്കുകയാണ് പ്രാദേശിക സമിതികളുടെ ലക്ഷ്യം. സംസ്ഥാനത്തെ 23880 കേന്ദ്രങ്ങളിൽ ലഹരിക്കെതിരായ ജനകീയ പ്രതിജ്ഞ പരിപാടിയും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചിട്ടുണ്ട്.

അഞ്ച് ലക്ഷത്തോളം പേർ ഈ പരിപാടിയിൽ അണി നിരന്നതായും ഡി.വൈ.എഫ്.ഐ പറയുന്നു. വിവിധ യുവജന വിദ്യാർത്ഥി സംഘടനകളെ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.

Top