DYFI Increase membership up to 50 lakhs; October 23 is membership day

തിരുവനന്തപുരം: സംഘടിത യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ കേരളത്തില്‍ നിന്ന് ഇത്തവണ 50 ലക്ഷം യുവതീയുവാക്കളെ സംഘടനയില്‍ അംഗങ്ങളാക്കും. 44 ലക്ഷത്തോളമാണ് ഡിവൈഎഫ്‌ഐയിലെ നിലവിലെ അംഗസംഖ്യ

യൂത്ത് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. ഒക്ടോബര്‍ 20 മുതല്‍ 27 വരെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നടത്താനും 23ന് മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കാനും യോഗത്തില്‍ തീരുമാനമായി.

നിലവില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് കണ്ണൂരിലാണ്. കുറവ് വയനാട് ജില്ലയിലുമാണ്.

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ 14 ജില്ലാ കമ്മറ്റികളുടെയും കീഴ് കമ്മറ്റികളുടെയും യോഗം വിളിച്ച് ചേര്‍ക്കാനും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ധാരണയായി.

പ്രസിഡന്റ് എ എന്‍ ഷംസീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സ്വരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി സംഘടന പിന്നോട്ട് പോയെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനാണ് നേതൃതല തീരുമാനം.

പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരായി നിര്‍ത്തുന്നതിനാവശ്യമായ നടപടികളോടൊപ്പം സോഷ്യല്‍മീഡിയയിലെ സംഘടന ഇടപെടലുകളും ശക്തിപ്പെടുത്തും.

ആഗസ്റ്റ് 15ന് സംസ്ഥാന വ്യാപകമായി നടത്തിയ യുവസാഗരം വന്‍വിജയമായതായും യോഗം വിലയിരുത്തി. പങ്കാളിത്വത്തിന്റെ കാര്യത്തില്‍ കണ്ണൂരിനൊപ്പം പങ്കാളിത്തമുണ്ടായിരുന്നത് കോഴിക്കോട്ടായിരുന്നു.

ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സംഘടനാപരമായി വന്‍പ്രതിസന്ധി നേരിട്ടിരുന്ന കോഴിക്കോട് ജില്ലയില്‍ ശക്തമായ തിരിച്ച് വരവാണ് ഡിവൈഎഫ്‌ഐ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Top