ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു

തൃശൂര്‍: വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്‍.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എന്‍.വി. വൈശാഖനെ വനിതാ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്.

ഡിവൈഎഫ്‌ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കിയതായിരുന്നു ആദ്യത്തെ നടപടി. പിന്നാലെ ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പോകാനും ആവശ്യപ്പെട്ടിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു എന്‍വി വൈശാഖന്‍.

എന്നാല്‍ സെക്രട്ടറി പദവിയില്‍ നിന്നൊഴിവാക്കപ്പെട്ട വൈശാഖന്‍ തിരിച്ച് അതേ പദവിയിലേക്കെത്താന്‍ സാധ്യത നിലനില്‍ക്കെയാണ് വൈശാഖനെതിരെ പുതിയ ആരോപണം ഉയരുന്നത്. പരാതി പിന്‍വലിക്കാന്‍ വൈശാഖന്‍ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. പരാതിക്കാരന്‍ അജിത്ത് കൊടകരക്കാണ് പണം വാഗ്ധാനം ചെയ്തത്. എന്നാല്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖന്‍ വിശദീകരിച്ചു. സംഭവത്തില്‍ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖന്‍ പറഞ്ഞിരുന്നു.

Top