സതീശനും സുധാകരനും എതിരെ ഡിജിപിക്ക് പരാതി നല്‍കി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്‌ഐ. വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ഇതിന് പിന്നില്‍ കെ, സുധാകരനും വി.ഡി സതീശനും പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.

സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയെന്നും സനോജ് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ മാത്രമല്ല ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കെ. സുധാകരനും സതീശനും ഇതില്‍ പങ്കുണ്ട്. ഇരുവരുടേയും അറിവും സമ്മതവും നേടിയാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധം അരങ്ങേറിയത്, സനോജ് കൂട്ടിച്ചേർത്തു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥിനെതിരേ നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തില്‍ കെ. സുധാകരനും വി.ഡി. സതീശനും പങ്കുണ്ടെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.

Top