പത്ര ‘മുത്തശ്ശി’യുടെ പ്രചരണത്തെ പൊളിച്ചടുക്കി ഡി.വൈ.എഫ്.ഐ !

കൊച്ചി: മാസ് മറുപടി എന്നൊക്കെ പറഞ്ഞാല്‍ അത് ഇതാണ്. മലയാളിയുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നവര്‍ എന്ന് അവകാശപ്പെട്ട മാധ്യമ സ്ഥാപനത്തിന്റെ ‘ അജണ്ട’ യ്ക്ക് ഏറ്റത് വലിയ പ്രഹരമാണ്.സോഷ്യല്‍ മീഡിയ ഇടപെടലില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായാണ് ഡി.വൈ.എഫ്.ഐ ഇപ്പോള്‍ മാറിയിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോര്‍ ഇന്ത്യ’ പരിപാടി സോഷ്യല്‍ മീഡിയ രംഗത്ത് രചിച്ചത് പുതിയ ചരിത്രമാണ്. ഡിവൈഎഫ്ഐ കേരള ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി നടന്ന പരിപാടിക്ക് ഒരു മണിക്കൂറിനുള്ളില്‍ നാലര ലക്ഷത്തിലേറെ കാഴ്ച്ചക്കാരാണ് ഉണ്ടായത്. അത് ഞായറാഴ്ച രാവിലെ 10.15 ആയപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം കാഴ്ചക്കാരായി വര്‍ധിച്ചിട്ടുണ്ട്. കമന്റുകളുടെ കാര്യത്തിലും വലിയ റെക്കോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തി അറുപത്തി ഏഴായിരം കമന്റുകളും ഒരു ലക്ഷത്തി പതിനഞ്ചായിരം ലൈക്കുകളുമാണ് ഡി.വൈ.എഫ്.ഐ പരിപാടിക്ക് ഫെയ്‌സ്ബുക്കില്‍ ഞായറാഴ്ച രാവിലെ 10.15 വരെ ലഭിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച രാത്രി ഏഴ് മണിക്കാണ് ‘മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി പരിപാടി ആരംഭിച്ചിരുന്നത്. എട്ട് മണിയായപ്പോള്‍ തന്നെ ഒരു ലക്ഷത്തിലേറെ ലൈക്കുകള്‍ ലൈവ് വീഡിയോക്ക് ലഭിച്ചു. അന്‍പതിനായിരത്തോളം പേര്‍ പരിപാടി തത്സമയം കാണുവാനും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. കുത്തക പത്രമുത്തശ്ശിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രചണ്ഡമായ പ്രചരണത്തിന് ചുട്ട മറുപടിയാണ് യുവാക്കള്‍ പരിപാടിയിലെ പങ്കാളിത്തം കൊണ്ട് നല്‍കിയിരിക്കുന്നത്. പരിപാടിക്ക് ‘ലൈക്കും ഷെയറും തേടി ഡിവൈഎഫ്ഐ’ എന്ന് പരിഹാസ രൂപേണയാണ് പത്രമുത്തശ്ശി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നത്. ഇത് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്ന സാഹചര്യവുമുണ്ടായി.

നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകള്‍ക്കും നല്‍കിയതു പോലെയുള്ള നിര്‍ദേശങ്ങളാണ് ഡിവൈഎഫ്ഐ ഈ പരിപാടിക്കും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നത്. പ്രത്യേകമായ ഒരു നിര്‍ദേശവും നല്‍കിയിരുന്നുമില്ല. എന്നാല്‍ ഇതിനെ പ്രത്യേക താല്‍പര്യത്തോടെ കണ്ട് ‘പത്രമുത്തശ്ശി’ വാര്‍ത്തയാക്കുകയായിരുന്നു.

ഫെയ്സ്ബുക്കില്‍ ഇല്ലാത്ത ‘ഡിസ് ലൈക്ക്’ ഓപ്ഷനെക്കുറിച്ച് പോലും ഈ മാധ്യമം നുണ പറയുകയുണ്ടായി. അതായത് എം.ബി രാജേഷിന്റെ പി.എസ്. സി വിഷയവുമായി ബന്ധപ്പെട്ട വീഡിയോക്ക് യൂട്യൂബില്‍ ലഭിച്ച ഡിസ് ലൈക്ക് ‘ക്യാമ്പെയിന്‍ ‘ ഡി.വൈ.എഫ്.ഐ പരിപാടിക്ക് ലഭിക്കണമെന്ന ഉദ്ദേശത്തോടെ കൊടുത്ത വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍, ഫെയ്‌സ് ബുക്കില്‍ ഇത്തരമൊരു സംവിധാനം ഇല്ലെന്നത് ഈ നുണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലേഖകന്‍ ഓര്‍ക്കാതെ പോയി.

ശനിയാഴ്ച്ച രാത്രി ഏഴ് മണിക്കാണ് പരിപാടി ആരംഭിച്ചത്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകന്‍. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷാണ് അധ്യക്ഷനായിരുന്നത്. സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ സജീഷ് നന്ദിയും പറഞ്ഞു.

ഈ പരിപാടിയോടെ സോഷ്യല്‍ മീഡിയ രംഗത്തെ ഇടപെടലിലും ഡി.വൈ.എഫ്.ഐ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇത്രയും പിന്തുണ ചുരുങ്ങിയ സമയത്തില്‍ ലഭിച്ച ഒരു പോസ്റ്റും പ്രതിപക്ഷ സംഘടനകള്‍ ഇതുവരെ പോസ്റ്റിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ യൂണിറ്റ് തലം മുതലുള്ള ഡി.വൈ.എഫ്.ഐ ഘടകങ്ങളുടെ ശക്തി കൂടി വെളിവാക്കുന്ന സംഭവമാണിത്.

Top