തമിഴകത്തും . . . ശക്തമായ ചുവടുറപ്പിച്ച് ചുവപ്പിന്റെ മുന്നേറ്റം, പോരാട്ടം ശക്തം !

ജാതി കോമരങ്ങളെ പടിയടച്ച് പുറത്താക്കിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. എന്നാല്‍ തൊട്ട് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ സ്ഥിതി അതല്ല, അവിടെ ഇപ്പോഴും എല്ലാം ജാതിയുടെ അടിസ്ഥാനത്തിലാണ്. ഇരുണ്ട കാലത്തില്‍ ജീവിക്കാന്‍ മാത്രം വിധിക്കപ്പെട്ട ജന്മങ്ങള്‍ പുതിയ തമിഴകത്തിന്റെ കണ്ണീരാണ്.

കേരളത്തിലും ഒരു കാലത്ത് എല്ലാം നിയന്ത്രിച്ചിരുന്നത് ജാതി ശക്തികളായിരുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ ശക്തമായ ചെറുത്ത് നില്‍പ്പാണ് ഇവിടെ ജാതി മേധാവിത്വത്തിന്റെ അടിവേര് പിഴുതെടുക്കാന്‍ കാരണമായത്. കേരളത്തില്‍ അവര്‍ണന് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനത്തിനുള്ള അവസരവും ഉണ്ടാക്കി കൊടുത്തത് കമ്യൂണിസ്റ്റുകളാണ്. ചോര ചിന്തിയ അവരുടെ പോരാട്ട വീര്യത്തിനു മുന്നിലാണ് ജാതി കോമരങ്ങള്‍ക്ക് ചുവട് പിഴച്ചത്. കേരളത്തില്‍ മുന്‍പ് സാധ്യമാക്കിയ ആ പോരാട്ടവീര്യം തമിഴകത്തും ഇപ്പോള്‍ കമ്യൂണിസ്റ്റുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ഈ പോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.

ഗ്രാമങ്ങളില്‍ വലിയ സ്വീകാര്യതയുണ്ടാക്കാന്‍ ചുവപ്പിന്റെ ഈ പ്രക്ഷോഭങ്ങള്‍ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അപകടം മുന്നില്‍ കണ്ട് സവര്‍ണ ജാതിക്കാര്‍ സംഘടിച്ച് വ്യാപകമായ ആക്രമണങ്ങളാണ് തമിഴകത്ത് അഴിച്ചു വിടുന്നത്. നിരവധി സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ച് കാലയളവിനുള്ളില്‍ തന്നെ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നേതാക്കളെ കൊല്ലുന്ന രൂപത്തിലേക്ക് വരെ സവര്‍ണ പക ഇവിടെ മാറി കഴിഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ അശോകിനെ കൊലപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്.

ഡി.വൈ.എഫ്.ഐയുടെയും തൊട്ടു കൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെയും സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു ഈ യുവാവ്. വഴി നടക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ അശോകന്റെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഒരു തുള്ളിയില്‍ നിന്നും ഒരായിരം പേര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നാണ് ഈ കൊലപാതകത്തോട് കമ്യൂണിസ്റ്റുകളുടെ പ്രതികരണം.

അശോകിന്റെ കൊലപാതകം തമിഴ്നാട്ടിലിപ്പോള്‍ സെന്‍സേഷനായി കഴിഞ്ഞു. ജാതീയതക്കെതിരായ പുതിയ പോരാട്ടത്തിനാണ് ഇവിടെയിപ്പോള്‍ തുടക്കം കുറിക്കുന്നത്. നവ മാധ്യമങ്ങളുടെ പുതിയ കാലത്ത് ജനരോഷം തീയായി ആളിപ്പടര്‍ന്നു കഴിഞ്ഞു. ദ്രാവിഡ പാര്‍ട്ടികളുടെ കുത്തകയായ സംസ്ഥാനത്ത് ചെങ്കൊടി പ്രസ്ഥാനത്തിന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള അവസരമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

ഡി.എംകെ ആയാലും അണ്ണാ ഡി.എം.കെ ആയാലും സവര്‍ണരുടെ കാര്യത്തില്‍ സമാന നിലപാടാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും കുറേ കാലമായി സവര്‍ണ മേധാവിത്വത്തിനെതിരെ ഇവിടെ പൊരുതുന്നുണ്ട്. ശക്തമായ സംഘടനാ സംവിധാനം ഇപ്പോഴും ഡി.വൈ.എഫ്.ഐക്കും എസ്.എഫ്.ഐക്കും തമിഴകത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞതും ഈ പോരാട്ട ഫലമായാണ്. ഡി.എം.കെയ്ക്ക് മധുരയും കോയമ്പത്തൂരും സി.പി.എമ്മിന് മത്സരിക്കാന്‍ വിട്ടു നല്‍കേണ്ടി വന്നതും ഈ മണ്ഡലങ്ങളിലെ ചുവപ്പിന്റെ സ്വാധീനം മുന്‍ നിര്‍ത്തിയാണ്. ഈ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും വിജയിച്ചതും സി.പി.എമ്മിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സഖ്യമായി മത്സരിച്ച സിപിഐക്കും രണ്ടു ലോക്സഭാ സീറ്റുകള്‍ തമിഴകത്തു നിന്നും ലഭിച്ചിട്ടുണ്ട്.

ജാതി കോമരങ്ങള്‍ക്കെതിരെ നിരന്തരം പോരാട്ടം സംഘടിപ്പിച്ച് തമിഴകത്ത് ബഹുജന അടിത്തറ ശക്തമാക്കുക എന്നതാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പണ്ട് കേരളത്തില്‍ വിജയകരമായി കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടത്തിന്റെ മറ്റൊരു മുഖമാണിത്. ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഈ നീക്കത്തെ ആശങ്കയോടെയാണ് സവര്‍ണ വിഭാഗങ്ങളും നോക്കി കാണുന്നത്. അവരെ സംബന്ധിച്ച് ഈ പുതിയ കാലഘട്ടത്തിലും അവര്‍ണരെ അടിമകളായി കാണാനാണ് ആഗ്രഹിക്കുന്നത്.

എല്ലാവരും തുല്യരെന്ന സങ്കല്‍പ്പത്തെ ഇവരിലെ വലിയ വിഭാഗവും എതിര്‍ക്കുകയാണ്. അടിച്ചമര്‍ത്തി പ്രക്ഷോഭത്തെ തകര്‍ക്കാനാണ് അവരുടെ ശ്രമം. ചില ഉന്നത കേന്ദ്രങ്ങളുടെ പിന്തുണയും സവര്‍ണരുടെ ഈ നീക്കങ്ങള്‍ക്കുണ്ട്. എന്നാല്‍ ജാതി ശക്തികളുടെ സകല കണക്കുകൂട്ടലുകളും അശോകിന്റെ മരണത്തോടെ ഇപ്പോള്‍ തെറ്റിയിരിക്കുകയാണ്. ഈ പോരാളിയുടെ ചോര വീണ് കൂടതല്‍ ചുവന്ന രക്തപതാകയുമേന്തി സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിച്ച് ആയിരങ്ങളാണ് ഇപ്പോള്‍ തമിഴകത്ത് തെരുവിലിറങ്ങിയിരിക്കുന്നത്. ഇനിയാണ് തമിഴകത്തിന്റെ ജാതി രാഷ്ട്രീയത്തിനു മേല്‍ ശരിയായ രാഷ്ട്രീയ പോരാട്ടം നടക്കാന്‍ പോകുന്നത്. അത് ഉറപ്പാണ്.

Express kerala view

Top