ബംഗാളില്‍ ബ്രിഗേഡ് റാലി ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ ജനുവരി 7ന് കൊല്‍ക്കത്തയില്‍ ബ്രിഗേഡ് റാലിക്ക് ആഹ്വാനം ചെയ്തു, പശ്ചിമ ബംഗാള്‍ തിരിച്ച് പിടിക്കുകയാണ് ലക്ഷ്യം. നാളെ നടക്കാനിരിക്കുന്ന റാലി ചരിത്രപരമാണെന്നും ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുകയും ചെയ്യുമെമെന്നാണ് പാര്‍ട്ടി അംഗങ്ങളുടെ പ്രതികരണം.2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി അധികാരത്തില്‍ എത്തുന്നതുവരെ 34 വര്‍ഷം സംസ്ഥാനം ഭരിച്ചത് സിപിഎം ആയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ ഇനി അറിയേണ്ടത് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ യഥാര്‍ത്ഥമാണോ അതോ വെറും ആഗ്രഹം മാത്രമായി നിലനിന്ന പോകുമോ എന്നുള്ളതാണ്.

15 വര്‍ഷത്തിന് ശേഷമാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഡിവൈഎഫ്‌ഐ വലിയൊരു റാലി സംഘടിപ്പിക്കുന്നത്. അവസാനമായി റാലി നടന്നത് 2008ലാണ്. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു അന്ന് നടന്ന യോഗത്തിലെ സ്പീക്കര്‍, ആദ്യകാല രാഷ്ട്രീയ ജീവിതത്തില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്നു അദ്ദേഹം. മുപ്പത് വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ശരാശരി 37 ശതമാനം വോട്ടുകള്‍ നേടിയ സിപിഎമ്മിന് പക്ഷെ 2021ല്‍ വെറും അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും, 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം 2018നെ അപേക്ഷിച്ച് നേരിയ തോതില്‍ മെച്ചപ്പെടുത്തിയിരുന്നു സിപിഎം.

ഡിവൈഎഫ്‌ഐയും സിപിഎമ്മും തിരഞ്ഞെടുപ്പ് അനായാസം ജയിക്കാമെന്ന വ്യാമോഹത്തിലാണുള്ളതെന്നും സംസ്ഥാനം എന്നന്നേക്കുമായി പാര്‍ട്ടിയോട് വിടപറഞ്ഞുവെന്നതാണ് യാഥാര്‍ഥ്യമെന്ന് വാദിക്കുകയാണ് പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ എതിരാളികളായ തൃണമൂലും ബിജെപിയും. 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം പരാജയത്തെ മുന്‍നിര്‍ത്തിയാണ് എതിര്‍പാര്‍ട്ടികളുടെ മുന്‍വിധി. അപ്പോഴും അവിടെ പ്രസക്തമാകുന്നത് 15 വര്‍ഷം മുമ്പ് സിപിഎം നയിക്കുന്ന ഇടത് മുന്നണി നേടിയ വന്‍ഭൂരിപക്ഷമാണ്, 294 സീറ്റില്‍ 230 സീറ്റുകളാണ് അന്ന് ഇടത് മുന്നണി അനായാസം നേടിയെടുത്തത്.

Top