പൊതുമേഖല ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കോര്‍പ്പറേറ്റുകള്‍ക്ക് 70000 കോടിയോളം തുക എഴുതി തള്ളിയ
കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത ആരോടാണ് എന്ന് നാട് തിരിച്ചറിയണമെന്ന് ഡിഐഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്.
പ്രവാസികളുടെ മടക്കയാത്രക്ക് വിമാന ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് കടുത്ത വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പി എ മുഹമ്മദ് റിയാസ് കേന്ദ്രത്തിനെതിരെ പ്രതികരിച്ച്.
പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
‘വിജയ്മല്യമാരോട് മുഹബത്ത്..
പ്രവാസികളൊരു മുസീബത്ത്..’
കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുക…
വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെ മെയ് 7 മുതല്‍ ഇന്ത്യയിലെത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ഇന്നത്തെ ചൂടേറിയ ചര്‍ച്ച. പ്രവാസികളെ മടക്കി കൊണ്ടുവരുമ്പോള്‍ വിമാന ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണമെന്ന
കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിച്ചേരുന്നത് ഇന്ത്യയിലാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2017 ല്‍ 4,47,850 കോടി രൂപയാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിയത്.
1998 മുതല്‍ 2018 വരെ 650.51billion US$ ഇന്ത്യയിലെത്തിച്ച വിഭാഗമാണ് പ്രവാസികള്‍. 8ലക്ഷം കോടി പ്രതിവര്‍ഷം നിക്ഷേപമായും വരുന്നുണ്ട്.
അതില്‍ കേരളീയരുടെ പങ്ക് 19% അഥവാ 85092 കോടി രൂപയാണ്. നോര്‍ക്കയില്‍ തിരിച്ചുവരവിന് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ നഷ്ടപ്പെട്ട മലയാളികളുടെ എണ്ണം 61009 ആണ്. കൊവിഡ് കാരണം തൊഴിലില്ലാതെ സമ്പാദ്യം മുഴുവന്‍ ചെലവിന് വേണ്ടി ഈ രണ്ടുമാസം നീക്കിവെച്ചവരാണിവര്.
ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇവര്‍ വിമാനടിക്കറ്റ് നിരക്ക് കൈയില്‍ നിന്ന് എടുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണ്.
രാജ്യത്തിന്റെ വികസനത്തിന് എല്ലാ നിലയിലും വലിയ സംഭാവന നല്കുന്ന പ്രവാസി സമൂഹത്തിലെ തൊഴില്‍ നഷ്ടപ്പെട്ടവരടക്കമുള്ളവര്ക്ക് വിമാനടിക്കറ്റ് സൗജന്യമാക്കി നാട്ടിലേക്ക് കൊണ്ടുവരിക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
Indian Community Welfare Fund (ICWF). പ്രവാസികളായ ഇന്ത്യന്‍ പൗരന്മാരെ അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാന്‍ വേണ്ടി 2009 ല്‍ സ്ഥാപിച്ച സംവിധാനമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഈ ഫണ്ടിലെ തുക ഉപയോഗിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമായി കൊടുത്തിട്ടുണ്ട്.
For evacuation of Indian nationals from conflict zones, countries affected by natural disasters and other challenging situations.
അടിയന്തര സാഹചര്യങ്ങളില്‍ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരെ അവിടെ നിന്നും വിമാന മാര്‍ഗ്ഗം ഒഴിപ്പിക്കുവാന്‍ വേണ്ടി ഈ ഫണ്ട് ഉപയോഗിക്കണമെന്ന് വെബ്സൈറ്റില്‍ എഴുതിയത് വായിച്ചാല്‍ വ്യക്തമാണ്.
എന്നിട്ടും എന്ത് കൊണ്ട് Indian Community Welfare Fund (ICWF) പ്രവാസികളുടെ മടക്കയാത്രക്ക് വേണ്ടി വിനിയോഗിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല ?
Prime Minister’s Care Fund, കോവിഡ് ബാധ പടര്‍ന്നതിനു ശേഷം ആരംഭിച്ചതാണ്. വിദേശത്തു നിന്നുള്‍പ്പെടെ ഇതിലേക്ക് ധനസമാഹരണം നടക്കുന്നു.കോവിഡ് ബാധിതരെ സഹായിക്കാന്‍ വേണ്ടി ആരംഭിച്ച ഈ ഫണ്ടില്‍ എപ്രില്‍ ആദ്യ വാരത്തോടെ തന്നെ 6500 കോടി രൂപയുടെ നിക്ഷേപം വന്നു കഴിഞ്ഞു.
എന്നിട്ടും എന്ത് കൊണ്ട് പ്രവാസികളുടെ വിമാനയാത്രക്ക് Prime Minister’s Care ഫണ്ടില്‍ നിന്നും ഒരണ പോലും നീക്കിവെക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ?
പ്രവാസി പുനരധിവാസ ക്ഷേമപ്രവര്‍ത്തനങ്ങളും, അടിയന്തിര ഘട്ടങ്ങളില്‍ സാജന്യ യാത്രയും, കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണ് എന്നതില്‍ തര്‍ക്കമില്ല.ഈ ചുമതല നിര്‍വഹിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പൊതുമേഖല ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കോര്‍പ്പറേറ്റുകള്‍ക്ക് 70000 കോടിയോളം തുക എഴുതി തള്ളിയതും !
കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത ആരോടാണ് എന്ന് നാട് തിരിച്ചറിയാന്‍ മറ്റെന്തു വേണം ?
മറ്റ് താല്പര്യങ്ങളും കാഴ്ചപ്പാടുകളും മാറ്റി നിര്‍ത്തി തിരിച്ചു വരുന്ന പ്രവാസികളുടെ വിമാനയാത്ര നിരക്ക് വഹിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. വിജയ്മല്യമാരോട് മുഹബത്തും പാടില്ല, പ്രവാസികളോട് മുസീബത്തും പാടില്ല..
പി എ മുഹമ്മദ് റിയാസ്