ശരണ്യ കേസ് പുനരന്വേഷിച്ചേക്കും . . . ചെന്നിത്തലയ്ക്ക് കുരുക്കിടാൻ നീക്കം

വിവാദമായ പൊലീസ് നിയമന തട്ടിപ്പിലും പുനരന്വേഷണത്തിന് സാധ്യത തെളിയുന്നു.

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ ഏറെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു ശരണ്യ എന്ന യുവതി ഉള്‍പ്പെട്ട ഈ തട്ടിപ്പ് കേസ്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം, പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ടോളം പേരെ പ്രതിയാക്കി ഹരിപ്പാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചെന്നിത്തല തന്നെയായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്.

ഈ കേസില്‍ ചെന്നിത്തലയുടെ സ്റ്റാഫ് ഉള്‍പ്പെടെ ഉള്ളവരെ ഒഴിവാക്കിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം സംശയിക്കുന്നത്. അതു കൊണ്ടു തന്നെ പുനരന്വേഷണം വേണമെന്നതാണ് സംഘടനയുടെ നിലപാട്. കേസന്വേഷിച്ച ക്രെംബ്രാഞ്ച് ഡിവൈഎസ്പി, ചെന്നിത്തലയോട് വിധേയത്വം ഉണ്ടായിരുന്നയാളാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പുനരന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം അനസലി ഡിജിപിയ്ക്ക് പരാതിയും നല്‍കിയിരുന്നു. ഇതേ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് ഡിവൈഎഫ്‌ഐ നേതൃത്വം ഇപ്പോള്‍ ഒരുങ്ങുന്നത്.

കുറ്റപത്രത്തിലെ വീഴ്ചകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പുനരന്വേഷണത്തിന് സാധ്യതയേറെയാണ്. ഇത്തരം ഘട്ടങ്ങളില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കോടതികള്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്യാറുള്ളത്.

സംസ്ഥാന പൊലീസില്‍ ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അനവധി പരാതിക്കാരുണ്ട്. ഇവരില്‍ പലരും പുനരന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലുമാണ്. പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയിലേറെ രൂപയാണ് ശരണ്യ തട്ടിപ്പു നടത്തിയിരുന്നത്. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിപക്ഷവും.

വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞാണ് ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിന്‍വാതില്‍ നിയമനം വാങ്ങിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്.

അറസ്റ്റിലായതിന് ശേഷം ഇവര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആഭ്യന്തരമന്ത്രിയ്ക്കും സ്റ്റാഫിനുമെതിരെ ഗുരുതരമായ ആക്ഷേപമാണ് ഉന്നയിച്ചിരുന്നത്.

ramesh chennithala

ramesh chennithala

ഹരിപ്പാടുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തലയെ നേരില്‍ കണ്ടതെന്നാണ് ശരണ്യ നല്‍കിയ 14 പേജുള്ള രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കാര്‍ത്തികപള്ളി മണ്ഡലം പ്രസിഡന്റ് നൈസിലും മന്ത്രിയുടെ ഓഫീസ് സ്റ്റാഫ് വേണുവും കൂടെയുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.

നൈസിലാണ് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. അരമണിക്കൂര്‍ പുറത്തിരുന്നതായും തുടര്‍ന്ന് നൈസില്‍ അകത്തേയ്ക്ക് വിളിപ്പിച്ചതായും മൊഴിയില്‍ ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്.

തട്ടിപ്പിന് സഹായകരമായ കേരള പൊലീസിന്റെയും പിഎസ്‌സിയുടെയും സീല്‍ തന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു. ‘നമുക്ക് വേണ്ടി ആളെ പിടിക്കുന്ന ആളാണ്’ എന്ന് പറഞ്ഞാണ് തന്നെ രമേശ് ചെന്നിത്തലയ്ക്ക് പരിചയപ്പെടുത്തിയതെന്നും ശരണ്യ മൊഴിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ചശേഷം ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് എസ് പി ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്ത് പറയരുതെന്നായിരുന്നു ഭീഷണിയെന്നാണ് ശരണ്യ പറഞ്ഞിരിക്കുന്നത്.

ജോലി ഒന്നും ഇല്ലാതെ വിഷമിച്ച കാലത്ത് കോണ്‍ഗ്രസുകാരാണ് തന്നെ സമീപിച്ച് ജോലി വാഗ്ദാനം ചെയ്തതെന്നാണ് അവര്‍ പറയുന്നത്. മികച്ച ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് ഒന്നരലക്ഷം രൂപയും വാങ്ങി. പിന്നീട് ജോലിയെപ്പറ്റി തിരക്കിയപ്പോള്‍ ആറ് പേരുകൂടെ ഉണ്ടെങ്കില്‍ മാത്രമേ ജോലി ലഭിക്കൂ എന്നായിരുന്നു മറുപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഇതില്‍ താന്‍ സംശയം പ്രകടിപ്പിച്ചപ്പോഴാണ് തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേയ്ക്ക് നേരിട്ട് കൂട്ടിക്കൊണ്ടുപോയതെന്നാണ് ശരണ്യയുടെ വാദം. ആഭ്യന്തരമന്ത്രിയെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒന്നും പേടിക്കേണ്ട എല്ലാം കൃത്യമായി നടക്കുമെന്ന് വേണു ആശ്വസിപ്പിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അവരോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ മൊഴിമാറ്റി പറയുവാന്‍ നിര്‍ബന്ധിക്കുകയാണ് ഉണ്ടായതെന്നും ശരണ്യ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ മൊഴിയ്ക്ക് അടിസ്ഥാനമായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ചെന്നിത്തലയുടെ സ്റ്റാഫിനെ ക്രൈംബ്രാഞ്ച് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ശരണ്യയെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത കള്ളനോട്ടിനെ കുറിച്ചും പൊലീസിന്റെയും പി.എസ്.സിയുടേയും സീലുകളെ സംബന്ധിച്ചും വ്യക്തമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. തട്ടിപ്പ് പണത്തിന്റെ വീതംവെയ്പിനെ കുറിച്ചും കൃത്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങള്‍ പുനരന്വേഷണത്തിലൂടേ വെളിവാകൂവെന്നാണ് തട്ടിപ്പിനിരയായവരും വിശ്വസിക്കുന്നത്.

ഇക്കാര്യത്തില്‍ പുനരന്വേഷണമുണ്ടായാല്‍ ചെന്നിത്തലയാണ് ഇനി പ്രതിരോധത്തിലാകുക. ഉണ്ടയുടെ പിന്നാലെ പായുന്ന പ്രതിപക്ഷ നേതാവിന് തനിക്ക് നേരെ വരുന്ന ഉണ്ട തടുക്കുക ശ്രമകരമായിരിക്കും.

പ്രതിപക്ഷ കടന്നാക്രമണങ്ങളെ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെയും തീരുമാനം. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിലവില്‍ കുരുക്കിലാണ്. ഇതിന് പിന്നാലെ വി എസ് ശിവകുമാറും വിജിലന്‍സ് കുരുക്കിലായതോടെ അന്വേഷണം നേരിടുന്ന യുഡിഎഫ് നിരയാണ് നീളുന്നത്. മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ 11 കേസിലാണ് വിജിലന്‍സ് അന്വേഷണമുള്ളത്. ഇതില്‍ ചിലതില്‍ മുന്‍മന്ത്രിമാര്‍ പ്രതികളാണ്. ചില കേസില്‍ ഗവര്‍ണറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ചിലതില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലാണുള്ളത്.

ഉമ്മന്‍ചാണ്ടിക്കു പുറമെ പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരാണ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രിമാര്‍. രമേശ് ചെന്നിത്തലയും വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.വി എസ് ശിവകുമാറിന്റെ സഹോദരന്‍ തിരുവിതാംകൂര്‍ ദേവസ്വം കമീഷണറായിരുന്ന വി എസ് ജയകുമാറിനെതിരെയും വിജിലന്‍സ് അന്വേഷണമുണ്ട്. ബന്ധുനിയമനം, നെയ്യാറില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ടൂറിസം കമ്പനിക്കു നല്‍കിയത്, എന്‍ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച സംഭവം, എന്നിവയിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. ബന്ധുനിയമനത്തിലും കണ്ണൂര്‍ വിമാനത്താവളനിര്‍മാണ ക്രമക്കേടിലുമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതിലും ചെന്നിത്തലയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.

ബാര്‍ കോഴ, അനധികൃത സ്വത്തുസമ്പാദനം എന്നീ കേസുകളിലാണ് കെ ബാബുവിനെതിരെ അന്വേഷണം നടത്തി, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എറണാകുളം പുത്തന്‍വേലിക്കര, തൃശൂര്‍ മടത്തുംപടി എന്നിവിടങ്ങളില്‍, 127 ഏക്കര്‍ നെല്‍വയലിന് മിച്ചഭൂമിയില്‍ ഇളവുനല്‍കാന്‍ ഒത്താശ ചെയ്ത, പരാതിയിലാണ് പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റേഷന്‍ ഡിപ്പോ അനുവദിച്ച മറ്റൊരു കേസിലും അടൂര്‍ പ്രകാശിനെതിരെ അന്വേഷണമുണ്ട്. അനധികൃത സ്വത്തുസമ്പാദനം, സ്വകാര്യ മെഡിക്കല്‍ കോളേജിന് വഴിവിട്ട് എന്‍ഒസി നല്‍കി എന്നീ പരാതികളിലാണ് ശിവകുമാറിനെതിരെ അന്വേഷണമുള്ളത്. ഇതില്‍ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസെടുക്കാന്‍ സര്‍ക്കാരിപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

റേഷന്‍ സാധനങ്ങള്‍ മറിച്ചുവിറ്റതിന് അനൂപ് ജേക്കബ്ബിനെതിരെയും ബന്ധുനിയമനം നടത്തിയതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.ഈ കേസിപ്പോള്‍ സിബിഐക്ക് വിട്ടിരിക്കുകയാണ്. ഇതില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്.

പൊലീസ് നിയമനതട്ടിപ്പില്‍ കൂടി പുനരന്വേഷണം വരുന്നതോടെ പ്രതിപക്ഷ നേതാവ് ഇനി കൂടുതല്‍ പ്രതിരോധത്തിലാകും.

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടുകയാണ് ഡി.വൈ.എഫ്.ഐയും പുതിയ നീക്കം വഴി ലക്ഷ്യമിടുന്നത്.

Political Reporter

Top