മോദി കാലു കുത്തും മുൻപേ മാസ് നീക്കവുമായി ഡി.വൈ.എഫ്.ഐ, കോൺഗ്രസ്സിനെ പോലും അമ്പരപ്പിച്ച പങ്കാളിത്തം

ബി.ജെ.പി അതിന്റെ അവസാനത്തെ ‘തുരുപ്പ് ചീട്ടും’ ഉപയോഗിച്ചാണിപ്പോൾ കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്. മലയാളികളായ ഏതെങ്കിലും നേതാവിന്റെ മുഖമല്ല സാക്ഷാൽ നരേന്ദ്ര മോദിയുടെ മുഖം തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലും അവർ ഉയർത്തിക്കാട്ടുന്നത്. കേരളത്തെ ടാർഗറ്റ് ചെയ്യുക എന്നത് ആർ.എസ്.എസിന്റെ അജണ്ടയാണ്. ആർ.എസ്.എസിന്റെ ആ താൽപ്പര്യം നടപ്പാക്കി കൊടുക്കുക എന്നത് മുൻ ആർ.എസ്.എസ് പ്രചാരക് കൂടിയായ മോദിയുടെ കടമയുമാണ്. അതു കൊണ്ടാണ് പരസ്യമായി തന്നെ തന്റെ അടുത്ത ലക്ഷ്യം കേരളമാണെന്ന് മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി തന്റെ വിശ്വസ്തനും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറെയാണ് മോദി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ബി.ജെ.പി നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പ്രകാശ് ജാവദേക്കറാണ്.

മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന അമിത് ഷാക്കും കേരളത്തിൽ പ്രത്യേക ദൗത്യം തന്നെ ബി.ജെ.പി നേതൃത്വം നിശ്ചയിച്ചു നൽകിയിണ്ട്. കേന്ദ്ര ഭരണം കയ്യിൽ ഉള്ളതു കൊണ്ടും പാർട്ടി ബി.ജെ.പി ആയതു കൊണ്ടും ഒന്നിനും ഒരു കുറവും വരുത്താതെയാണ് കേരളത്തിലെ പാർട്ടി സംഘടനാ സംവിധാനത്തെ കേന്ദ്ര നേതൃത്വം ചലിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ച ഹിന്ദുത്വവാദം കേരളത്തിൽ ഏശില്ല എന്നതിനാൽ വികസന – ക്രൈസ്തവ കാർഡുകൾ ഇറക്കിയാണ് കേരളത്തിന്റെ മണ്ണിൽ പിടിമുറുക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ തന്ത്രപരമായ നീക്കമാണ് ബി.ജെ.പി നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ചില ക്രൈസ്തവ പുരോഹിതരുടെ പിന്തുണ നേടിയെടുക്കാനും ഇതിനകം തന്നെ അവർക്ക് സാധിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ പ്രമുഖ ക്രൈസ്തവ പുരോഹിതരുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇറങ്ങുമ്പോൾ സഭാ നേതൃത്വങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലന്ന കണക്കു കൂട്ടലിലാണ് ക്രൈസ്തവ മേഖലയിലെ ഓപ്പറേഷൻ ബി.ജെ.പി പ്ലാൻ ചെയ്തിരിക്കുന്നത്. മാത്രമല്ല എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി മുതൽ യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ് വരെ ബി.ജെ.പിയിൽ ചേർന്നു കഴിഞ്ഞതും ജോണി നെല്ലൂർ ഉൾപ്പടെയുള്ള യു.ഡി.എഫിലെ മുതിർന്ന നേതാക്കൾ കാവി പാളയത്തിലേക്ക് യാത്ര തുടങ്ങിയതുമെല്ലാം ക്രൈസ്തവ വിഭാഗത്തിന് ബി.ജെ.പിയോടുള്ള നിലപാട് മാറ്റമായാണ് ആർ എസ്.എസും വിലയിരുത്തിയിരിക്കുന്നത്.

ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തുകയും ഹിന്ദു സമുദായത്തിലെ യുവത്വത്തിൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്താൽ അത് കേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് സാധ്യമാകുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. ക്രൈസ്തവ വിഭാഗങ്ങൾ മുഖം തിരിച്ചു നിൽക്കുന്നതുകൊണ്ട് മാത്രം ബിജെപിക്ക് ജയിക്കാനാകാതെ പോകുന്ന മണ്ഡലങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് പരിവാർ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുസ്ലിം വോട്ടുകളേക്കാൾ കൂടുതൽ കേരളത്തിലെ പല മണ്ഡലങ്ങളിലും ക്രൈസ്തവ വോട്ടുകളാണ് ബിജെപിയുടെ വിജയത്തെ തടയുന്നതിൽ നിർണായകമായി മാറുന്നതെന്നാണ് അവരുടെ വിലയിരുത്തൽ. ആ സ്ഥിതി മറികടക്കാനായാൽ കേരളത്തിലും ബിജെപി അത്ഭുതം കാട്ടുമെന്നാണ് അവകാശവാദം.

വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ മുൻപേ തന്നെ കേരളത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന സംവിധാനങ്ങളെ പോലും മോദിയുടെ വിഷുകൈനീട്ടമായി ചിത്രീകരിച്ച് നടത്തുന്ന പ്രചരണ തന്ത്രങ്ങളും കൊച്ചിയിൽ നടത്തുന്ന മോദിയുടെ റോഡ് ഷോയും യുവം പരിപാടിയും എല്ലാം സംസ്ഥാനത്ത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ സംഘടിപ്പിക്കപ്പെട്ടവയാണ്. അതായത് കൃത്യവും വ്യക്തവുമായ രാഷ്ട്രീയ പ്ലാനാണ് ഇതിനു പിന്നിലെന്നതു വ്യക്തമാണ്. മുൻപ് ബി.ജെ.പിയെ നേരിട്ടതു പോലെ പുതിയ കാലത്ത് അവരെ പ്രതിരോധിക്കുക എളുപ്പമല്ല. പത്തുവർഷം കേന്ദ്രത്തിൽ തുടർച്ചയായി ഭരണം പൂർത്തിയാക്കുന്ന ഒരു സംവിധാനമാണത്. ഇനി ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നാലും മോദി തന്നെയാണ് അധികാരത്തിൽ വരിക എന്ന പ്രതീതി ഉണ്ടാക്കാനും ബി.ജെ.പിക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.

കോൺഗ്രസ്സിന്റെ ദയനീയ അവസ്ഥയും പ്രതിപക്ഷത്തെ അനൈക്യവുമാണ് കാവിപ്പടയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ ബി.ജെ.പിയുടെ എതിരാളികൾക്ക് പേടി സ്വപ്നമായി കേന്ദ്ര ഏജൻസികളും മാറി കഴിഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രിവരെ ജയിലിലടക്കപ്പെട്ട കാലമാണിത്. “മടിയിൽ കനമുള്ളവൻ” മാത്രമല്ല മടിയിൽ കനമില്ലാത്തവനും ഇതെല്ലാം കണ്ടാൽ ശരിക്കും ഭയക്കും. ആ ഭയപ്പാടാണ് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. മോദിക്കും ബി.ജെ.പിക്കും സ്തുതിയുമായി രംഗത്ത് വന്ന പ്രതിപക്ഷ രഷ്ട്രീയക്കാരുടെയും ചില മതപുരോഹിതരുടെയും നടപടികളെ ഇടതുപക്ഷ കേന്ദ്രങ്ങൾ നോക്കി കാണുന്നതും ,അങ്ങനെയാണ്. ഏതെങ്കിലും മതപുരോഹിതർ പ്രധാനമന്ത്രിയെ സന്ദർശിച്ചതു കൊണ്ടോ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതു കൊണ്ടോ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ വിഭാഗം ആ നിലപാടിനൊപ്പം നിൽക്കില്ലന്നാണ്  ഇടതു നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നത്.

“കുറുക്കൻ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലന്ന്” അവർ തുറന്നു പറയുമ്പോൾ അതിന് സോഷ്യൽ മീഡിയകളിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിയുടെ വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിച്ചിരിക്കുന്നത്. യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയെ ആണ് ഇതിനായി സി.പി.എം കളത്തിൽ ഇറക്കിയിരിക്കുന്നത്. ‘യുവം’ പരിപാടിയുമായി എത്തിയ പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളാണ് ഡി.വൈ.എഫ്.ഐ ചോദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച “യങ് ഇന്ത്യ ആസ്‌ക്‌ ദ പിഎം” യുവജനസംഗമത്തിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തിരിക്കുന്നത്. കാമ്പയിനിൽ ഡി.വൈ.എഫ്.ഐ ഉയർത്തിയ ചോദ്യങ്ങൾ കാവിപ്പടക്കെതിരായ പുതിയ പോർമുഖമാക്കിയാണ് ഇടതുപക്ഷ പാർട്ടികളും മാറ്റിയിരിക്കുന്നത്.

“കേന്ദ്ര സർവീസുകളിൽ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങളുണ്ടായിട്ടും അപ്രഖ്യാപിത നിയമനനിരോധം നടപ്പാക്കി യുവാക്കളെ തൊഴിലില്ലായ്‌മയിലേക്കും ചൂഷണത്തിലേക്കും തള്ളിവിടുന്നതെന്തിനാണെന്നതാണ് പ്രധാനമന്ത്രിയോടുള ആദ്യ ചോദ്യം. മതത്തിന്റെ പേരിൽ പൗരന്മാരെ വേർതിരിക്കുന്ന എൻപിആർ പിൻവലിക്കുമോ എന്ന മറ്റൊരു സുപ്രധാന ചോദ്യവും സംഘടന ഉയർത്തിയിട്ടുണ്ട്. കർഷകസമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കാത്തതെന്താണ് എന്നതാണ് ഡി.വൈ.എഫ് ഐ മുന്നോട്ട് വച്ച അടുത്ത ചോദ്യം. “ബേഠി പഠാവോ ബേഠി ബച്ചാവോ” പദ്ധതി രാജ്യത്തിന്‌ എന്തുമാറ്റമുണ്ടാക്കിയെന്ന ചോദ്യത്തിനും മോദിയിൽ നിന്നും ഡി.വൈ.എഫ്.ഐ മറുപടി തേടിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാവില്ലെങ്കിൽ പിന്നെ ആർക്കുവേണ്ടിയാണീ ഭരണം എന്നും അവർ മോദിയോട് ചോദിക്കുന്നു. ഇത്തരത്തിൽ കേന്ദ്രനയങ്ങൾക്കുനേരെ ചാട്ടുളിപോലെയുള്ള 100 ചോദ്യങ്ങളാണ് “യങ് ഇന്ത്യ” ക്യാമ്പയിനിലൂടെ ഡി.വൈ.എഫ്.ഐ ഉയർത്തിയിരിക്കുന്നത്.

എവിടെ ജോലി? എവിടെ ജനാധിപത്യം? എന്നൊക്കെ എഴുതിയ പ്ലക്കാർഡുകളുമുയർത്തി ലക്ഷക്കണക്കിന് ഡി.വൈ.എഫ്.ഐക്കാർ തെരുവിൽ ഇറങ്ങിയപ്പോൾ കാവി അജണ്ട പൊളിക്കാൻ ആവനാഴിയിൽ അസ്ത്രമില്ലാതെ പകച്ചു നിൽക്കുന്ന അവസ്ഥയിലായിരുന്നു കോൺഗ്രസ്സ്. രാഹുൽ ഗാന്ധിയെ രംഗത്തിറിക്കി കൊച്ചിയിൽ തന്നെ മോദിക്കും ബി.ജെ.പിക്കും മറുപടി കൊടുക്കുമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നാൽ നടന്നു എന്നു മാത്രമേ പറയാൻ കഴിയൂ. മോദിയെയും ബി.ജെ.പിയെയും ചെറുക്കുന്നതിന്റെ ക്രെഡിറ്റ് ഇതോടെ വീണ്ടും ഒരിക്കൽ കൂടി ഇടതുപക്ഷ സംഘടനകൾ തന്നെയാണ് കൊണ്ടു പോയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് എല്ലാ ജില്ലകളിലും ലക്ഷങ്ങളെ തെരുവിൽ ഇറക്കാൻ കഴിയുന്ന മാന്ത്രിക വടിയൊന്നും കേരളത്തിലെ കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസ്സിനും ഇല്ലാത്തതിനാൽ ഡി.വൈ.എഫ്.ഐ സമരം തന്നെയാണ് തല ഉയർത്തി നിൽക്കുക.

മുൻപ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങളെ തെരുവിൽ ഇറക്കി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ശൃംഖല തീർത്ത് ചരിത്രം സൃഷ്ടിച്ചതും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതു സംഘടനകളായിരുന്നു. കേന്ദ്ര സർക്കാറിനെതിരെയും പരിവാർ രാഷ്ട്രീയത്തിനെതിരെയും ഇങ്ങനെ നിരന്തരം കലഹിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. അതേസമയം കോൺഗ്രസ്സിനാകട്ടെ അവർക്ക് സ്വാധീനവും ഭരണവും ഉള്ള സംസ്ഥാനങ്ങളിൽ പോലും കാര്യമായ പ്രതിഷേധം മോദി സർക്കാറിനെതിരെ ഉയർത്താൻ കഴിഞ്ഞിട്ടില്ല. സംഘടനാപരമായ അവരുടെ ഈ ദൗർബല്യം തന്നെയാണ് കേരളത്തിലും ബി.ജെ.പി അനുകൂലമാക്കി മാറ്റാൻ ശ്രമിക്കുന്നത്. കോൺഗ്രസ്സിനു ലഭിക്കുന്ന ഹിന്ദു വോട്ടുകളും ക്രൈസ്തവ വോട്ടുകളും കൂടുതലായി ലഭിച്ചാൽ ഇവിടെയും മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നതാണ് കണക്കു കൂട്ടൽ. ബി.ജെ.പി. അധികാരത്തിലെത്തിയ എല്ലാ സംസ്ഥാനത്തും കോൺഗ്രസ്സ് വോട്ട് ബാങ്കുകളാണ് അവർ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. അതുപോലെ കേരളത്തിലും സംഭവിക്കാൻ ഇനി ഒരു തിരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസ്സ് പരാജയപ്പെട്ടാൽ മതിയാകും.

ലോകസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയതിന്റെ പകുതി സീറ്റെങ്കിലും നിലനിർത്താൻ കഴിഞ്ഞില്ലങ്കിൽ യു.ഡി.എഫ് എന്ന സംവിധാനം തന്നെയാണ് തകർന്നു പോവുക. അത്തരമൊരു സാഹചര്യത്തിലാണ് ബി.ജെ.പിയും “വിളവെടുപ്പ്” പ്രതീക്ഷിക്കുന്നത്. എം.പിമാരായ ശശി തരൂരിനെയും എം കെ രാഘവനെയും മാത്രമല്ല “കേരളത്തെ ലക്ഷ്യമിടുന്നു” എന്ന മോദിയുടെ വാക്കുകളെ ഗൗരവമായി കാണണമെന്നു പറഞ്ഞ കെ മുരളീധരനെ പോലും അവഗണിച്ചാണ് കോൺഗ്രസ്സ് നിലവിൽ മുന്നോട്ട് പോകുന്നത്. അവരുടെ ഇത്തരം നിലപാടുകൾ തന്നെയാണ് ബി.ജെ.പിക്ക് വളമായും മാറാൻ പോകുന്നത്. കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ച് ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മാണ് അവരുടെ പ്രഖ്യാപിത ശത്രു. ചുവപ്പിനെ വീഴ്ത്താൻ ‘കാവിയെ’ വേണമെങ്കിലും കൂട്ടുപിടിക്കാം എന്നതും ഖദർധാരികളുടെ നയമാണ്. മുൻപ് ബേപ്പൂരും വടകരയും പരീക്ഷിച്ച് പരാജയപ്പെട്ട നയംകൂടിയാണത് എന്നതും നാം ഓർക്കണം.

ഇപ്പോൾ പോലും പല പ്രധാന കോൺഗ്രസ്സ് നേതാക്കളും അവസരം ലഭിച്ചാൽ ബി.ജെ.പിയിലേക്ക് ചാടാനാണ് തയ്യാറെടുക്കുന്നത്. ഇവരും ഉറ്റുനോക്കുന്നത് 2024-ലെ ലോകസഭ തിരഞ്ഞെടുപ്പ് റിസൾട്ടിലേക്കാണ്. ആ തിരഞ്ഞെടുപ്പിലും വീണാൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ കോൺഗ്രസ്സിൽ വൻ പൊട്ടിത്തെറിയും ഉറപ്പാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് തിരുത്തൽ നടപടിക്ക് ലീഗ് ഉൾപ്പെടെ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും തിരുത്താൻ കോൺഗ്രസ്സ് നേതാക്കൾ ആരും തന്നെ തയ്യാറല്ല. ബി.ജെ.പിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കില്ലന്നത് കേരളത്തിലെ കോൺഗ്രസ്സ് പിന്തുടർന്നു വരുന്ന നയമാണ്. അതുകൊണ്ടു കൂടിയാണ് ഇടതുപക്ഷത്തിന് യഥാർത്ഥ ‘ബദൽ’ കോൺഗ്രസ്സല്ല ബി.ജെ.പിയാണെന്ന് പരിവാർ നേതാക്കളും അവകാശപ്പെട്ടിരിക്കുന്നത്.

ഇതോടെ, സംഘപരിവാറിന്റെ ആ വാദം ശരിയല്ലന്നും കോൺഗ്രസ്സാണ് കേരളത്തിലെ പ്രധാന എതിരാളിയെന്നും പറയേണ്ട ഗതികേടിലാണ് ഇടതുപക്ഷവും എത്തിച്ചേർന്നിരിക്കുന്നത്. കേരളത്തിൽ ഭരണത്തിൽ മാത്രമല്ല പ്രധാന പ്രതിപക്ഷ പാർട്ടിയായി പോലും ബി.ജെ.പി വരരുതെന്നാണ് സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത്. പ്രത്യയശാസ്ത്രപരമായ പകയാണത്. അവരുടെ ആ നിലപാടിന്റെ ഭാഗമായി കൂടിയാണ് ഡി.വൈ.എഫ്.ഐയും ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. മോദി കേരള മണ്ണിൽ കാല് കുത്തും മുൻപു തന്നെ 100 ചോദ്യങ്ങൾ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇതു പോലൊരു മാസ് പ്രതിരോധം ഇത്ര വേഗത്തിൽ മോദിക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. ഒന്നാംതരം ഒരു പ്രതിരോധം തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ….

EXPRESS KERALA VIEW

Top