മോദി സര്‍ക്കാരിനെതിരെ യുവജനങ്ങളെ അണിനിരത്തി പോരാടും: ഡിവൈഎഫ്‌ഐ

ചെന്നൈ: മോദി സര്‍ക്കാരിനെതിരെ വര്‍ദ്ധിച്ച വീര്യത്തോടെ യുവജന പോരാട്ടങ്ങള്‍ തുടരുമെന്ന് ഡിവൈഎഫ്‌ഐ. രൂക്ഷമാകുന്ന തൊഴിലിലായ്മയ്ക്കും വര്‍ഗ്ഗീയവല്‍കരണത്തിനുമെതിരെ എല്ലാ വിഭാഗം യുവജനങ്ങളെയും അണിനിരത്തി പിന്‍മടക്കമില്ലാത്ത പോരാട്ടത്തിനു ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കും. ഇതിനു വേണ്ട പരിപാടികള്‍ക്ക് രണ്ടു ദിവസമായി ചെന്നൈയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ രൂപം നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി അഭയ് മുഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജാതി വെറിയാല്‍ കൊല്ലപ്പെട്ട തിരുനെല്‍വേലി ഡിവൈഎഫ്‌ഐ നേതാവ് അശോകന്റെ സ്മരണാര്‍ത്ഥം ജുലൈ 12ന് ദേശവ്യാപകമായി സ്മൃതി ദിനമാചരിക്കും. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, എതിര്‍ സ്വരമുയര്‍ത്തുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ മോഡി സര്‍ക്കാര്‍ നടത്തുന്ന വേട്ടക്കെതിരെ പ്രതിഷേധിക്കാന്‍ ജൂലൈ 21 ന് മുംബൈയില്‍ ദേശീയ കണ്‍വെന്‍ഷന്‍ ചേരും.

കേന്ദ്ര സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടത്തുന്ന നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍, ലക്ഷകണക്കിന് ഇന്ത്യന്‍ പൗരന്‍മാരെ സ്വന്തം രാജ്യത്ത് തന്നെ വിദേശികളായി മുദ്രകുത്താനുള്ള ശ്രമമാണ്. ഇതിനെതിരെ സമാനമനസ്‌ക്കരായ മുഴുവന്‍ വിഭാഗങ്ങളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. ജൂലൈ മാസം അവസാനം ഗുഹാട്ടിയില്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഇതു സംബന്ധിച്ച സമര പരിപാടികള്‍ക്ക് രൂപം നല്‍കും.

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുക, യുവാക്കള്‍ക്ക് വര്‍ഗ്ഗീയതയല്ല തൊഴിലാണാവശ്യം എന്ന മുദ്രവാക്യമുയര്‍ത്തി അഗസ്റ്റ് 15 ന് രാജ്യമെമ്പാടും റാലികള്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തു. തൊഴിലില്ലായ്മ വിഷയമുയര്‍ത്തി സെപ്തംബര്‍ മാസം എല്ലാ സംസ്ഥാനങ്ങളും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.ലോകത്ത് നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിസംബര്‍ മാസത്തില്‍ കേരളത്തില്‍ അന്താരാഷ്ട്ര യുവജന സമ്മേളനം നടത്തും.

പത്രസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭയ് മുഖര്‍ജി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പ്രീതി ശേഖര്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ബാലവേലന്‍ എന്നിവര്‍ പങ്കെടുത്തു.

Top