ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ച് ഏറ്റെടുത്ത് കേരളം; എറണാകുളത്ത് മാത്രം ലഭിച്ചത് 100 ടിവികള്‍

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ ആരംഭിച്ച ടിവി ചലഞ്ചിന് മികച്ച പ്രതികരണം. എറണാകുളം ജില്ലയില്‍ മാത്രം ലഭിച്ചത് നൂറ് ടിവികളാണ്. ഇവ കോതമംഗലം ആദിവാസി കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച് നല്‍കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത രണ്ടരലക്ഷം വിദ്യാര്‍ത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ജൂണ്‍ ഒന്നിന് ആരംഭിച്ചു. ടിവി പോലും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമാണ്. പരമാവധി പേര്‍ക്ക് ടെലിവിഷന്‍ എത്തിച്ച് നല്‍കാനുള്ള ലക്ഷ്യവുമായാണ് ഡിവൈഎഫ്‌ഐ ടിവി ചലഞ്ച് തുടങ്ങിയത്.

ആദ്യദിവസങ്ങളില്‍ തന്നെ ആയിരത്തിലധികം ടിവികളാണ് ലഭിച്ചത്. കൊച്ചിയില്‍ ഹൈക്കോടതിയിലെ ഡിവൈഎഫ്‌ഐ യൂണിറ്റിലെ അഭിഭാഷകര്‍, സംവിധായകന്‍ ആഷിഖ് അബു, ഡോക്ടര്‍മാര്‍, വ്യാപാരികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ടിവി ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഓരോ ജില്ലയിലെയും ഏറ്റവും പിന്നോക്കമുള്ള പ്രദേശങ്ങളിലാണ് ആദ്യം ടിവി വിതരണം ചെയ്യുക. വിദ്യാഭ്യാസ വകുപ്പിന്റെ പട്ടികയില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. വീട്ടില്‍ ഒന്നില്‍ കൂടുതല്‍ ടിവി ഉള്ളവര്‍ക്കോ, പുതിയ ടിവി വാങ്ങി നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കോ വരും ദിവസങ്ങളില്‍ ടിവി ചലഞ്ചില്‍ പങ്കാളികളാകാമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്.

Top