ചൂണ്ടയിടല്‍ കീഴാളന്റെ തൊഴില്‍, വിമര്‍ശകര്‍ക്ക് സവര്‍ണബോധമാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണെന്നും അതിനെ പരിഹസിക്കുന്നവര്‍ക്ക് സവര്‍ണബോധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള ചൂണ്ടയിടല്‍ മല്‍സരത്തെ പരിഹസിച്ചവരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി.സി. വിഷ്ണുനാഥിന്റെയും അനില്‍ അക്കരയുടെയും ടി. സിദ്ദിഖിന്റെയുമൊക്കെ മനസില്‍ കത്തി നില്‍ക്കുന്ന സവര്‍ണ ബോധമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കു പിന്നില്‍. മീന്‍ പിടിക്കുന്നവര്‍, മീന്‍വില്‍ക്കുന്നവര്‍, ഇറച്ചിവെട്ടുന്നവര്‍, മുടിവെട്ടുന്നവര്‍ എന്നിങ്ങനെയുള്ള സാധാരണക്കാരോട് എന്തിനാണ് ഇവര്‍ക്ക് ഇത്ര എതിര്‍പ്പ്. ചൂണ്ട കണ്ടപ്പോഴാണ് അവര്‍ക്ക് ആക്ഷേപിക്കാന്‍ തോന്നിയത്. ഞങ്ങള്‍ക്കത് ആക്ഷേപമല്ല. സവര്‍ണബോധം കുടിയിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണിന്റെയും മനസിന്റെയും പ്രശ്‌നമാണെന്നും റഹിം തുറന്നടിച്ചു.

ഡിവൈഎഫ്ഐ മണ്ണിന്റെ മണം സൂക്ഷിക്കുന്ന മനുഷ്യരുമായി കൂടുതല്‍ ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. മീന്‍പിടിത്തം വിനോദമല്ല, പലരും അരി വാങ്ങാന്‍ വേണ്ടിയാണ് അത് ചെയ്യുന്നത്. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന പല മത്സരങ്ങളില്‍നിന്നും പരിപാടികളില്‍നിന്നും ചൂണ്ടയിടല്‍ മാത്രം അടര്‍ത്തിമാറ്റിയെടുത്തു പരിഹസിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും റഹിം വ്യക്തമാക്കി.

Top