വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമ:കുടുംബകോടതി

ഇന്‍ഡോര്‍: വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് ഇന്‍ഡോറിലെ കുടുംബകോടതി. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

‘സ്ത്രീയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയപ്പോള്‍, താന്‍ സിന്ദൂരം ധരിച്ചിട്ടില്ലെന്ന് അവര്‍ സമ്മതിച്ചു, സിന്ദൂരം ഒരു ഭാര്യയുടെ മതപരമായ കടമയാണ്, വിവാഹം കഴിഞ്ഞ സ്ത്രീയാണെന്ന് ഇത് കാണിക്കുന്നു.’ മാര്‍ച്ച് ഒന്നിലെ ഉത്തരവില്‍ ജഡ്ജി പറയുന്നു. പെണ്‍കുട്ടി ഭര്‍ത്താവിനെ ധിക്കരിച്ചുവെന്നും ഭര്‍ത്താവിന്റെ വീട് വിട്ടിറങ്ങി പോയെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നുവെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ താന്‍ നേരിട്ട ആക്രമണങ്ങളില്‍ യുവതി രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പെണ്‍കുട്ടിയുടെ വാദം തള്ളി. ശേഷം പെണ്‍കുട്ടിയോട് ഭര്‍തൃവീട്ടിലേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആചാരപരമായി ‘സിന്ദൂരം’ ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയോട് ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. ഇന്‍ഡോര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എന്‍ പി സിങ്ങിന്റേതാണ് നിര്‍ദ്ദേശം.

Top