ഡച്ച് രാജാവും രാജ്ഞിയും നാളെ ദുബായ് എക്സ്പോയിൽ

ദുബൈ: നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും ബുധനാഴ്ച എക്‌സ്‌പോ നഗരിയിലെത്തും. നെതര്‍ലന്‍ഡ് പവലിയന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാനും രാജ്യത്തിന്റെ ദേശീയ ദിനാചരണത്തില്‍ പങ്കെടുക്കാനുമാണ് ഇരുവരുമെത്തുന്നത്.

അല്‍ വസ്ല്‍ പ്ലാസയിലാണ് ദേശീയ ദിനാചരണ ചടങ്ങുകള്‍ നടക്കുക. ഇവര്‍ക്കൊപ്പം നെതര്‍ലന്‍ഡ് വിദേശ വ്യാപാര-വികസന മന്ത്രി ടോം ഡി ബ്രുജിനും യു.എ.ഇയിലെത്തും. സുസ്ഥിര നഗര വികസനവുമായി ബന്ധപ്പെട്ട് യു.എ.ഇയുമായി സഹകരിക്കുന്നതിന് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ക്ക് മന്ത്രി നേതൃത്വം വഹിക്കും. ജലം, സുസ്ഥിര ഊര്‍ജം, ഭക്ഷണം, നഗര വികസനം, ലോജിസ്റ്റിക്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 50 ഓളം ഡച്ച് കമ്പനികളാണ് രാഷ്ട്ര നേതാക്കളോടൊപ്പം യു.എ.ഇയുമായി സഹകരണത്തിന് എത്തുന്നത്. നെതര്‍ലന്‍ഡ് പവലിയന്റെ ആറുമാസ പരിപാടികളുടെ ഭാഗമായാണ് മന്ത്രിതല സംഘം വിശ്വമേളയിലെത്തുന്നത്.

ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എക്‌സ്‌പോയിലെ രാജ്യത്തിന്റെ പവലിയനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Top