ഉ​ത്ത​രേ​ന്ത്യയെ ദുരിതത്തിലാഴ്ത്തി പൊടിക്കാറ്റും പേമാരിയും ; ആകെ മരണം 60 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ ദുരിതത്തിലാഴ്ത്തി കനത്ത പൊടിക്കാറ്റും പേമാരിയും. ദുരിതം വിതച്ചു മുന്നേറുന്ന അതിശക്തമായ പൊടിക്കാറ്റില്‍ വിവിധ ഭാഗങ്ങളിലായി 60 മരണം. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണു കാറ്റ് അന്തകനായത്. ബംഗാളില്‍ നാലു കുട്ടികളടക്കം 12, ഉത്തര്‍പ്രദേശില്‍ 18, ആന്ധ്രയില്‍ 8, തെലുങ്കാനയില്‍ 3, ബംഗാളില്‍ 9, ഡല്‍ഹിയില്‍ 5 പേര്‍ എന്നിങ്ങനെയാണു ലഭ്യമായ മരണസംഖ്യ.

ഞായറാഴ്ച ഉച്ചതിരിഞ്ഞു പൊടുന്നനെ മാറിയ കാലാവസ്ഥയില്‍ രാജ്യതലസ്ഥാനം പതറി. ഉച്ചവരെ ചൂടേറിയ അവസ്ഥയിലായിരുന്ന ഡല്‍ഹി നഗരം വൈകിട്ട് നാലരയോടെ ‘ഇരുണ്ടു’. ആകാശത്തു മഴമേഘങ്ങള്‍ നിരന്നതിനു തൊട്ടുപിന്നാലെ കനത്ത പൊടിക്കാറ്റും മഴയുമെത്തി. ഉത്തര്‍പ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതല്‍ നാശം വിതച്ചത്. ഞായറാഴ്ച ഒമ്പത് പേര്‍കൂടി മരിച്ചതോടെ പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 30നുശേഷം ഇടിമിന്നലിനും പേമാരിയിലും മരിച്ചവരുടെ എണ്ണം 46 ആയി.

തുടര്‍ച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡല്‍ഹിയില്‍ മരങ്ങള്‍ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധി സര്‍വീസുകള്‍ അനിശ്ചിതമായി വൈകുകയാണ്. മെട്രോ സര്‍വീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നോയിഡ, ദ്വാരക എന്നിവിടങ്ങളില്‍ സര്‍വീസുകള്‍ അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയടക്കക്കം 13 സംസ്ഥാനങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശിയിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയുണ്ടായി. ഈ മാസം തുടക്കത്തില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റിലും മഴയിലും നൂറിലധികം പേര്‍ മരിച്ചിരുന്നു.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം,ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിയോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 5070 കിലോമീറ്റര്‍ വേഗതയിലായിരിക്കും കൊടുങ്കാറ്റ് വീശുക.

Top