പൊടിയും ചെളിയും വാഹനത്തിന്റെ ബ്രേക്കിനെ തകരാറിലാക്കും; പെർഫോർമൻസിനെയും ബാധിക്കും

പൊടിപറ്റാതെ കാറോടിക്കുകയെന്നത് നമ്മുടെ നാട്ടില്‍ അസാധ്യമാണ്. ഒന്നു കഴുകിയാല്‍ പോകുമെങ്കിലും ഭൂരിഭാഗം സമയത്തും കാഴ്ചയില്‍ മാത്രമേ പ്രശ്‌നമുണ്ടാക്കൂ എങ്കിലും ചിലപ്പോഴെങ്കിലും പൊടിയും ചെളിയുമെല്ലാം ബ്രേക്കിനെ തകരാറിലാക്കാറുണ്ട്. സുരക്ഷയെ മാത്രമല്ല വാഹനത്തിന്റെ പെർഫോർമൻസിനെയും ബാധിക്കുന്നതാണ് പൊടിയും അഴുക്കുമെല്ലാം.

തുടര്‍ച്ചയായി ഓടുന്ന വണ്ടിയാണെങ്കിലും അല്ലെങ്കിലും ബ്രേക്ക് പാഡിലും റോട്ടോറുകളിലും (ഡിസ്ക്) പൊടി പിടിക്കാറുണ്ട്. സാധാരണ ബ്രേക്ക് പിടിക്കുമ്പോള്‍ ഇത്തരം പൊടിപടലങ്ങള്‍ പോകാറുണ്ട്. എന്നാല്‍ ബ്രേക്ക് പാഡുകളിലെ പൊടി പോയില്ലെങ്കില്‍ അത് ബ്രേക്കിന്റെ കാര്യക്ഷമതയെ ബാധിക്കും. മാത്രമല്ല ബ്രേക്ക് പിടിക്കുമ്പോള്‍ വലിയ തോതില്‍ ഇരമ്പലും ഇളക്കവും ഉണ്ടാവുകയും ചെയ്യും.

ബ്രേക്കില്‍ ചവിട്ടുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന നല്ലതാണ്. ബ്രേക്ക് പാഡില്‍ പൊടി പറ്റി ഉരയുന്നത് അധികമായാല്‍ വൈകാതെ കൂടുതല്‍ കുഴപ്പത്തിലാവും. ബ്രേക്ക് പാഡ് പൊട്ടി നിയന്ത്രണം വിട്ട വാഹനം ഇടിച്ച് അപകടത്തിലാകും. ശേഷം ബ്രേക്ക് പാഡ് മാറ്റുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പ്രശ്‌നം നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതാണ്.

റോട്ടോറുകള്‍ക്ക് പൊടി പറ്റുന്നതിനൊപ്പം കാലപ്പഴക്കവും ഉപയോഗം മൂലമുണ്ടാകുന്ന ദ്രവിക്കലും സംഭവിക്കാറുണ്ട്. റോട്ടാറുകള്‍ക്കുണ്ടാവുന്ന ഈ പ്രശ്‌നവും ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വളരെ എളുപ്പത്തിലും സ്വാഭാവികമായും സംഭവിക്കുന്ന ബ്രേക്കിങ് ഇതോടെ ബുദ്ധിമുട്ടുള്ള പണിയായി മാറുന്നു. ഈ ബുദ്ധിമുട്ട് ബ്രേക്കിങ് സിസ്റ്റത്തിന്റെ കാര്യക്ഷമത കുറയുന്നുവെന്നതിന്റെ മുന്നറിയിപ്പു കൂടിയാണ്.

കൂടുതലായി ദ്രവിച്ചു പോയാല്‍ പിന്നെ അറ്റകുറ്റ പണികള്‍ കൊണ്ട് റോട്ടോറുകളെ രക്ഷിക്കാനാവില്ല. സുരക്ഷിതമായ ബ്രേക്ക് ഉറപ്പിക്കാനായി അത് മാറ്റേണ്ടി വരും. തുടര്‍ച്ചയായ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള വാഹനത്തിന്റെ പ്രധാന ഭാഗമാണ് ബ്രേക്കുകള്‍. അതിന് വേണ്ട പരിചരണം നല്‍കിയില്ലെങ്കില്‍ വാഹനത്തിന്റേയും നമ്മളുടേയും സുരക്ഷ തകരാറിലായേക്കാം.

Top