കൊവിഡ് കാലത്ത് രാജ്യത്തെ 70 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍തിരിച്ചടി

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളും വന്‍ തിരിച്ചടി നേരിട്ടെന്ന് ഫിക്കിയും ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കും നടത്തിയ സര്‍വേ ഫലം. 250 സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലം. അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് നിലനില്‍ക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം സ്ഥാപനങ്ങള്‍ക്ക് മാത്രമാണുള്ളത്.

12 ശതമാനം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നിലനില്‍പ്പിനായി ഭൂരിഭാഗം സ്ഥാപനങ്ങളും തങ്ങളുടെ ചെലവുകള്‍ വെട്ടിക്കുറച്ചു. ഇനിയും ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് 30 ശതമാനം കമ്പനികള്‍ അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം കമ്പനികളും 20 ശതമാനം മുതല്‍ 40 ശതമാനം വരെ ശമ്പളം കുറച്ചു.

നിക്ഷേപം നടത്തുന്ന കാര്യത്തില്‍ നിക്ഷേപകര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പത്ത് ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചിരുന്ന നിക്ഷേപ വാഗ്ദാനം പിന്‍വലിക്കപ്പെട്ടു. എട്ട് ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് കൊവിഡിന് മുന്‍പ് ഒപ്പിട്ട കരാര്‍ പ്രകാരം നിക്ഷേപം ലഭിച്ചതെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

Top