യാത്രയ്ക്കിടെ പ്രസവിച്ചു, കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച് അമ്മ

വാളയാര്‍: എക്‌സൈസ് പരിശോധനയ്ക്കായി നിര്‍ത്തിയ ബസില്‍ നിന്നിറങ്ങിയ അതിഥിത്തൊഴിലാളിയായ യുവതി പ്രസവിച്ച ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി. പ്ലാസ്റ്റിക് കവറിലാക്കി ദേശീയപാതയോരത്തെ കനാലിനു സമീപം ഉപേക്ഷിച്ച ശിശുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണു രക്ഷപ്പെടുത്തിയത്. ബംഗാള്‍ നദിയ ജില്ലയിലെ കൊരിംപൂര്‍ സ്വദേശിയായ അമ്മയെ അങ്കമാലിക്കു സമീപത്തു നിന്നു പൊലീസ് പിടികൂടി.

മുപ്പത്തിയഞ്ചുകാരിയായ ഇവര്‍ക്കെതിരെ കേസെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ 9.30നു വാളയാറിനും കഞ്ചിക്കോട് ചുള്ളിമടയ്ക്കും ഇടയിലെ പേട്ടക്കാട് കനാലിനു സമീപമാണു ജനിച്ചു മണിക്കൂറുകള്‍ മാത്രം പിന്നിട്ട പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചില്‍ കേട്ടു നടത്തിയ തിരച്ചിലിലാണു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ബംഗാളില്‍ നിന്നു കൊച്ചിയിലേക്കു നിര്‍മാണജോലിക്കു തൊഴിലാളികളെ എത്തിക്കുന്ന മിനിബസിലാണ് അമ്മയും സംഘവുമെത്തിയത്.പേട്ടക്കാട്ട് എക്‌സൈസ് പരിശോധനയ്ക്കായി ബസ് നിര്‍ത്തി. ഈ സമയം അമ്മ മറ്റൊരു സ്ത്രീക്കൊപ്പം പുറത്തിറങ്ങി. പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരും മറ്റും യാത്രക്കാരും ഇതു ശ്രദ്ധിച്ചിരുന്നില്ല.

കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം ആദ്യം നിഷേധിച്ചെങ്കിലും വസ്ത്രങ്ങളില്‍ ചോരക്കറ കണ്ടെത്തിയതോടെ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ജോലി സ്ഥലത്തേക്കു പോകുന്നതിനാലാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പറയുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വാളയാര്‍ സിഐ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

നാട്ടുകാരുടെ മൊഴിയും ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അമ്മയെ തിരിച്ചറിഞ്ഞത്. എസ്‌ഐമാരായ എസ്. സതീഷ്, പി. സത്യനാരായണന്‍, വനിതാ പൊലീസ് സീനിയര്‍ സിപിഒ എസ്. സുനിത, എസ്സിപിഒമാരായ പി. രവി, കെ. പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

 

Top