‘എസ്എഫ്‌ഐ ക്രിമിനല്‍ സംഘമെന്ന് ഗവര്‍ണര്‍’;സെമിനാറില്‍ നിന്ന് വിട്ടുനിന്ന് വി സി

കോഴിക്കോട്: എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇതിന് സമീപത്തായുള്ള ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെടുമ്പോള്‍ എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രോഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പ്രതിഷേധത്തില്‍ അസ്വസ്ഥനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്‌ഐ ക്രിമിനല്‍ സംഘമാണെന്നും ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രിമിനല്‍ സംഘമാണെന്ന മുന്‍ പ്രസ്താവന വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ചുകൊണ്ടാണ് സംസാരിച്ചത്.ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് സെമിനാര്‍ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു ഗവര്‍ണര്‍.

നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കറുത്ത വസ്ത്രവും കറുത്ത ബലൂണും പിടിച്ച് ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പരീക്ഷാ ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇതിനിടയില്‍ ഒരവിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കാനായി പോയത്.കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഢവും ഭാരതീയ വിചാര കേന്ദ്രവുമാണ് സെമിനാര്‍ നടത്തുന്നത്. അതേസമയം, സെമിനാറില്‍നിന്ന് കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ വിട്ടുനിന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിസി എം.കെ ജയരാജ് വിശദീകരിച്ചത്. പരിപാടിയില്‍ അധ്യക്ഷനാകേണ്ടിയിരുന്നത് വിസിയായിരുന്നു.

Top