തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി; മൂന്നു മണിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യം നീണ്ടേക്കും. ഇന്നലെ രാത്രി തുരക്കുന്നതിനിടെ തടസ്സം തീര്‍ത്ത ഇരുമ്പുപാളി മുറിച്ചുമാറ്റി. ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡിന് ഉണ്ടായ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. കുഴലുകള്‍ തമ്മിലുള്ള വെല്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് 12 മണിയോടെ തുരക്കുന്നത് പുനരാരംഭിക്കും.

തുരക്കല്‍ പ്രക്രിയ 12 മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടുപോയേക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉപദേശകനായ ഭാസ്‌കര്‍ കുബ്ലെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുരക്കല്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം വരെയെത്താന്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ സഹായത്തോടെയാകും തൊഴിലാളികളെ പുറത്തെത്തിക്കുക.

തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 800 മില്ലിമീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കടത്തിവിടാനാണ് ശ്രമം തുടരുന്നത്. ഇതുവഴി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പദ്ധതി. ഓരോരുത്തരെയായിട്ടാകും പുറത്തെത്തിക്കുക. ഇതിനായി ചുരുങ്ങിയത് മൂന്നു മണിക്കൂറിലേറെ വേണ്ടി വന്നേക്കുമെന്നും ഭാസ്‌കര്‍ കുബ്ലെ പറയുന്നു.

പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യ സഹായം ഉള്‍പ്പെടെ നല്‍കുന്നതിന് 41 മെഡിക്കല്‍ ആംബുലന്‍സുകള്‍, ഓക്സിജന്‍ ബെഡുകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം പുറത്ത് സജ്ജമാണ്.ഏതു പ്രതിബന്ധങ്ങളെയും നേരിടാന്‍ തയ്യാറാമെന്നും, തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു.

Top