ദര്‍ബാര്‍ ത്രില്ലര്‍ ചിത്രം ; എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായി രജനികാന്ത്

ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. അടുത്ത ഘട്ടം ഷൂട്ടിംഗ് ജൂണില്‍ മുംബൈയില്‍ തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ എത്തുന്ന താരത്തിന്റെ ഒരു കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്റേയും രണ്ടാമത്തേത് സാമൂഹ്യപ്രവര്‍ത്തകന്റേതുമാണ്. പൊലീസ് ഓഫീസറായി എത്തുന്ന താരത്തിന്റെ കഥാപാത്രം ഡിസിപി മണിരാജ് ആണെന്നും നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമേയത്തെയും രജനികാന്തിന്റെ കഥാപാത്രത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിട്ടായിരിക്കും താരം അഭിനയിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയിരിക്കുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വെറും കുറ്റാന്വേഷണ കഥ മാത്രമല്ല മറിച്ച് കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍.

നയന്‍താരയാണ് ചിത്രത്തിലെ നായിക.ചിത്രത്തില്‍ രണ്ട് മലയാളി താരങ്ങള്‍ കൂടി അഭിനയിക്കുന്നുണ്ട്. ചെമ്പന്‍ വിനോദും നിവേതയുമാണ് ആ മലയാളി താരങ്ങള്‍. രജനികാന്തിന്റെ മകളായിട്ടാണ് നിവേത അഭിനയിക്കുന്നത്. എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ രവിചന്ദെര്‍ ആണ്. ഛായാഗ്രഹണം സന്തോഷ് ശിവനാണ്.

Top