ഡ്യൂറന്‍ഡ് കപ്പ്; അടുത്ത അഞ്ച് എഡിഷനുകള്‍ കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളിന്റെ അടുത്ത അഞ്ച് എഡിഷനുകളും കൊല്‍ക്കത്തയില്‍ നടക്കും. ഫുട്‌ബോളിന് ഏറ്റവും പ്രചാരമുള്ള നഗരത്തില്‍ ടൂര്‍ണമെന്റ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്ത ഡ്യൂറന്‍ഡ് കപ്പിന്റെ സ്ഥിരം വേദിയാക്കുന്നത്. ഡ്യൂറന്‍ഡ് കപ്പിന്റെ നൂറ്റിമുപ്പതാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂര്‍ണമെന്റുമാണ് ഡ്യൂറന്‍ഡ് കപ്പ്. എഫ് എ കപ്പും സ്‌കോട്ടിഷ് കപ്പുമാണ് 1888ല്‍ തുടക്കമായ ഡ്യൂറന്‍ഡ് കപ്പിന് മുന്‍പുള്ള ടൂര്‍ണമെന്റുകള്‍.

ഞായറാഴ്ച തുടങ്ങുന്ന ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഇരുപത്തിയൊന്‍പതംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമുളള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ സംഘത്തെയാണ് അണിനിരത്തുന്നത്.

എനസ് സിപ്പോവിച്ച്, അഡ്രിയന്‍ ലൂണ, ഹോര്‍ജെ പെരേര ഡയസ്, ചെഞ്ചോ ഗില്‍ഷന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ വിദേശ താരങ്ങള്‍. പ്രീസീസണ്‍ സന്നാഹ മത്സരങ്ങളില്‍ കളിക്കാതിരുന്ന കെ പി രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ക്കൊപ്പം ആല്‍ബിനോ ഗോമസ്, ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുള്‍ ഹക്കു, ധെനചന്ദ്ര മീട്ടി, ജീക്സണ്‍ സിങ്, ഗിവ്‌സണ്‍ സിങ്, കെ പ്രശാന്ത്, സെയ്ത്യാസെന്‍ സിങ്, വിന്‍സി ബരെറ്റോ, വി എസ് ശ്രീക്കുട്ടന്‍ തുടങ്ങിയവരും ടീമിലുണ്ട്.

ഡ്യൂറന്‍ഡ് കപ്പ് ഐഎസ്എല്ലിനുള്ള മുന്നൊരുക്കമാവുമെന്നും ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് സജ്ജമാണെന്നും പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ അഞ്ച് ഐഎസ്എല്‍ ടീമുകളും മൂന്ന് ഐ ലീഗ് ടീമുകളും ഉള്‍പ്പടെ 18 ക്ലബുകളാണ് ഇത്തവണത്തെ ഡ്യൂറന്‍ഡ് കപ്പില്‍ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് സിയില്‍ ബെംഗളൂരു എഫ്സി, ഇന്ത്യന്‍ നേവി, ഡല്‍ഹി എഫ്സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഈമാസം പതിനൊന്നിന് ഇന്ത്യന്‍ നേവിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 15ന് ബിഎഫ്സിയെയും 21ന് ഡല്‍ഹി എഫ്സിയെയും നേരിടും. ഒക്ടോബര്‍ മൂന്നിനാണ് ഫൈനല്‍. ഗോകുലം കേരളയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

 

Top