ഡ്യുറന്‍ഡ് കപ്പ് ഫുട്‌ബോള്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തുടക്കം. ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 71ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ കെ.പ്രശാന്തിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനില്ലതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. കെ പി രാഹുലും അബ്ദുള്‍ ഹക്കുവും ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഇറങ്ങി. ഒമ്പതാം മിനിറ്റില്‍ പി എം ബ്രിട്ടോയിലൂടെ നേവി മുന്നിലെത്തേണ്ടതായിരുന്നു. ബ്രിട്ടോ തൊടുത്ത ലോംഗ് റേഞ്ചര്‍ നേരിയ വ്യത്യസത്തില്‍ പുറത്തുപോയി. പതിനെട്ടാം മിനിറ്റില്‍ ഗോളിലേക്ക് ലഭിച്ച മികച്ച അവസരം രാഹുല്‍ നഷ്ടമാക്കി.

21ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഗോളെന്നുറച്ച ഷോട്ട് നേവി ഗോള്‍ കീപ്പര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് ഇരു ടീമുകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്‌റ്റേഴ്‌സ് തന്നെയായിരുന്നു മുന്നില്‍.

Top