ഡ്യൂറന്‍ഡ് കപ്പ്‌; ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരു എഫ്‌സിയോടാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. കളിക്കളത്തില്‍ പരുക്കന്‍ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ചുവപ്പു കാര്‍ഡുകളും ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചു. റഫറിയിങിലെ പിഴവ് നിറഞ്ഞുകണ്ട മത്സരമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ് നല്‍കിയ റഫറി ബെംഗളൂരു നേടിയ ഗോളിലെ ഹാന്‍ഡ് ബോള്‍ ശ്രദ്ധിച്ചതുമില്ല.

ബെംഗളൂരു ‘ബി’ ടീമിനോടായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയ തോല്‍വി. ആദ്യ പകുതിയില്‍ മികച്ചു നിന്ന ബ്ലാസ്റ്റേഴ്‌സിന് ഫിനിഷിംഗിലെ പോരായ്മകള്‍ തിരിച്ചടിയാവുകയായിരുന്നു. ലഭിച്ച ഒരു സുവര്‍ണാവസരം ശ്രീക്കുട്ടന്‍ പാഴാക്കുകയും ചെയ്തു. കളിയുടെ ഒഴുക്കിനെതിരായി ബെംഗളൂരു ആദ്യം സ്‌കോര്‍ ചെയ്തു.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെ നംഗല്‍ ഭൂട്ടിയ ആണ് ആദ്യ ഗോളടിച്ചത്. 60ആം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൊര്‍മിപാം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ താളം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സിനെ ബെംഗളൂരു തുടര്‍ച്ചയായി ആക്രമിച്ചു. 70ആം മിനിട്ടില്‍ ബെംഗളൂരു വീണ്ടും സ്‌കോര്‍ ചെയ്തു.

ഹെഡറിലൂടെ ലിയോണ്‍ അഗസ്റ്റിനാണ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കിയത്. ഈ ഗോളില്‍ ഹാന്‍ഡ് ബോ ള്‍ ഉണ്ടായിരുന്നു. രണ്ടാം ഗോള്‍ വീണതോടെ ദിശാബോധം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഫിസിക്കല്‍ ഗെയിമിലേക്ക് തിരിഞ്ഞു. ഇതോടെ സന്ദീപ് സിംഗ്, ദനചന്ദ്ര മെയ്‌തേയ് എന്നിവരും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി.

ഇന്ത്യന്‍ നേവിക്കെതിരെ ആദ്യ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം മത്സരത്തില്‍ പരാജയം രുചിക്കേണ്ടി വന്നത് തിരിച്ചടിയാവും. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയൂ.

 

Top