ഡങ്കിയുടെ ട്രയ്‌ലര്‍ റിലീസായി; ചിത്രം ഈ മാസം 21-ന് തിയേറ്ററുകളിലേക്ക്

ഷാരൂഖ് ഖാന്‍ രാജ്കുമാര്‍ ഹിറാനി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രമായ ഡങ്കിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഡങ്കി ഡ്രോപ്പ് 4 എന്നാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൃദയസര്‍ശിയായ ഒരു ചിത്രമാണ് ഡങ്കി എന്നത് ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളില്‍ നിന്നും പാട്ടുകളില്‍ നിന്നും വ്യക്തമാണ്. നര്‍മത്തിലൂടെ ഹൃദയം തൊടുന്ന മനോഹര ചിത്രങ്ങള്‍ ഒരുക്കിയ രാജ്കുമാര്‍ ഹിരാനിയുടെ ചിത്രമായതു കൊണ്ട് തന്നെ ഷാരൂഖ് ആരാധകര്‍ ഡങ്കിയുടെ റിലീസിന് വേണ്ടി വെയ്റ്റിങ്ങ് ആണ്. ഈ മാസം 21-ന് ചിത്രം റിലീസ് ചെയ്യും.

ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകള്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രോപ്പ് 1 എന്ന പേരില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ഡ്രോപ്പ് 2 ആയി ആദ്യ ഗാനവും ഡ്രോപ്പ് 3 ആയി രണ്ടാമത്തെ ഗാനവും ആരാധകര്‍ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ കഥാതന്തുവിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന ഹൃദയഹാരിയായ ട്രൈലര്‍ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.

ഈ വര്‍ഷവസാനം ഏറ്റവും കൂടുതല്‍ ഫാമിലി ഒത്തൊരുമിച്ചു കണ്ടാസ്വദിക്കുന്ന ചിത്രമായിരിക്കും ഡങ്കി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാര്‍ ഹിരാനി, കനിക ധില്ലന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഡങ്കി, ചിത്രത്തിന്റെ കേരള പ്രൊമോഷന്‍ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്.

Top