അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പിന്റെ ഡമ്മി ‘റേഷൻകട’, ഉന്നതലയോ​ഗം ഇന്ന്

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കോടനാട്ടുള്ള ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തിൽ. ഇതിനായി റേഷൻകടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി. ഇവിടേക്ക് ആനയെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി. ചിന്നക്കനാലിൽ സിമന്റുപാലത്തിന് സമീപം മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിലാണ് താത്കാലിക റേഷൻകട ഒരുക്കുക.

ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പെടെ, ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക് ആകർഷിക്കും. കെണി ഒരുക്കുന്ന വീടിനോട് ചേർന്നുള്ള കുറ്റിക്കാടുകൾ വെട്ടിമാറ്റി. വരും ദിവസങ്ങളിൽ അരി പാകം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സിമന്റുപാലത്തിന് സമീപം അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം ഇന്ന് ചേരും.

ചിന്നക്കനാൽ, സിങ്കുകണ്ടം, ബി.എൽ.റാം, സൂര്യനെല്ലി, പൂപ്പാറ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകൾ കാട്ടാനശല്യം പതിവാണ്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള അരിക്കൊമ്പൻ ഇതുവരെ 12-ൽ അധികംപേരെ കൊന്നിട്ടുണ്ട്. റേഷൻകട തകർത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് ‘അരിക്കൊമ്പൻ’ എന്ന് വിളിപ്പേരുവന്നത്. ഒരുവർഷത്തിനിടെ 10 തവണയാണ് റേഷൻകട തകർത്തത്. കൂടാതെ ഒട്ടേറെ വീടുകളും കടകളും അരിക്കൊമ്പന്റെ അരിശത്തിന് ഇരയായി.

തിങ്കളാഴ്ച പുലർച്ചെയോടെ ആനയെ പിടികൂടാൻ കുങ്കിയാനയെ എത്തിച്ചു. വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് നടക്കാൻ പോകുന്നതെന്ന് മൂന്നാർ ഡി എഫ് ഒ രമേഷ് ബിഷ്‌ണോയ് പറഞ്ഞു. നാല് കുങ്കിയാനകളെയാണ് ഇതിനായി ഉപയോ​ഗിക്കുക. 30 അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സംഘം എട്ട് ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പാക്കുക. വനം വകുപ്പിനൊപ്പം പോലീസ്, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയും ദൗത്യത്തിൽ പങ്കാളികളാവും. ആനയെ ആകർഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായാൽ ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയായുടെ നേതൃത്വത്തിലുള്ള ദൗത്യസേനയും സ്ഥലത്തെത്തും.

Top