നിര്‍ഭയ കേസ്; തിഹാര്‍ ജയിലില്‍ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

തിഹാര്‍: നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇതിനായി ആരാച്ചാരെത്തിയിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത് നടത്തിയത്.

നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റാന്‍ പോകുന്നത്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍, ആര്‍.എഫ്.നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top