ആദ്യ പ്രദര്‍ശനങ്ങളില്‍ വന്‍ അഭിപ്രായം നേടി ദുല്‍ഖറിന്‍റെ ‘സീതാ രാമം’

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകകഥാപാത്രങ്ങളായെത്തുന്ന സീതാ രാമം തിയേറ്ററുകളിൽ എത്തി. ഇന്ന് തിയറ്ററുകളിലെത്തിയ ദുല്‍ഖറിന്‍റെ തെലുങ്ക് ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത റൊമാന്‍റിക് ഡ്രാമ ചിത്രം സീതാ രാമത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. ഇന്നലെ നടന്ന യുഎസ് പ്രീമിയറിനും ആ​ഗോളമായി നടന്ന ചിത്രത്തിന്‍റെ ഇന്നത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കും ശേഷം മികച്ച അഭിപ്രായങ്ങളാണ് ട്വിറ്ററിലൂടെ പ്രവഹിക്കുന്നത്.

കാവ്യാത്മകമായ പ്രണയകഥയാണ് ചിത്രത്തിലേതെന്നും ദുല്‍ഖറും മൃണാള്‍ ഥാക്കൂറും നന്നായെന്നും സിനിമാപ്രേമികളില്‍ ചിലര്‍ കുറിക്കുന്നു. ദുല്‍ഖര്‍- മൃണാള്‍ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി നന്നായി വന്നിട്ടുണ്ടെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്‍റെ താളം അല്‍പംകൂടി വര്‍ധിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 2018ല്‍ പുറത്തെത്തിയ മഹാനടിയാണ് ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ ജമിനി ​ഗണേശനായാണ് ദുല്‍ഖര്‍ എത്തിയത്. നാ​ഗ് അശ്വിന്‍ സംവിധാനം ചെയ്‍ത ഈ ചിത്രം വിജയമായിരുന്നു. അതേസമയം പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് സീതാ രാമം എത്തിയിരിക്കുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തിയിട്ടുണ്ട്.

Top