ദുൽഖർ ചിത്രം ‘സീതാ രാമം’ ഒരാഴ്ച കൊണ്ട് നേടിയത്

ദുല്‍ഖർ ചിത്രം സീതാ രാമത്തിന് തെലുങ്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരത്തിലെ ആഗോള ഗ്രോസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആഗോള മാര്‍ക്കറ്റില്‍ നിന്ന് ആദ്യ വാരം കൊണ്ട് 40 കോടിയില്‍ അധികമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടിയും ചിത്രം നേടിയിരുന്നു.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. മൃണാൾ താക്കൂർ, രാശ്‍മിക മന്ദാന, സുമന്ദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമാണ് കഴിഞ്ഞ വാരം പുറത്തെത്തിയ സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയിലൂടെ ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം.

Top