ബാപ്പയേക്കാള്‍ വളര്‍ന്ന മകന്, അതാണിപ്പോള്‍ ദുല്‍ഖര്‍ സല്മാന്. ‘സീതാ രാമം’ എന്ന ഒറ്റ സിനിമ കൊണ്ട് ഭാഷകള്‍ക്ക് അതീതമായി വലിയ അംഗീകാരമാണ് ദുല്‍ഖര്‍ സല്മാന് കരസ്ഥമാക്കിയിരിക്കുന്നത്. കെ.ജി.എഫ് യഷ് എന്ന താരത്തെ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് സംഭാവന ചെയ്തെങ്കില്‍ സീതാരാമമാണ് ദുല്‍ഖറിന്റെ തലവര മാറ്റി എഴുതിയിരിക്കുന്നത്. കെ.ജി.എഫ് ആക്ഷന്‍ സിനിമയാണെങ്കില്‍ ‘സീതാരാമം’ റൊമാന്റിക് ഡ്രാമ ചിത്രമാണ്. പതിയെയെങ്കിലും സ്റ്റെഡി കളക്ഷനോടെ മുന്നേറിയ ഈ സിനിമ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലായി എത്തിയ ചിത്രം എല്ലാ ഭാഷയിലും സൂപ്പര്‍ഹിറ്റാണ്. പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തിലുണ്ട്. തിയറ്റര്‍ വിടുന്നതോടെ മറന്നു പോകുന്ന കഥാപാത്രങ്ങളെയല്ല പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്ന കഥാപാത്രങ്ങളെയാണ് ‘സീതാരാമില്’ സംവിധായകന് സൃഷ്ടിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങി വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ പോലും പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു വരുന്ന കഥാപാത്രങ്ങളാണത്. ഇതു തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യവും.
റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയ ‘സീതാരാമം’ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നും നേടിയ ആഗോള ഗ്രോസ് 25 കോടിയാണ്. ഇപ്പോഴത് 40 കോടിക്ക് അടുത്ത് എത്തി കഴിഞ്ഞു. ഈ പോക്ക് പോയാല്‍ നൂറ് കോടി ക്ലബിലും അതിവേഗം എത്തും. ‘സീതാരാമം’ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനാല്‍ കളക്ഷന്‍ കൂടാന്‍ തന്നെയാണ് സാധ്യത. സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചതും ഇതിന് ഏറെ സഹായകരമാകും.
ബ്രഹ്മാണ്ട സംവിധായകന് രാജമൗലിയുടെ ആര്.ആര്.ആര് നേടിയതിനേക്കാള്‍ പ്രശംസ രാജമൗലിയുടെ തട്ടകമായ തെലങ്കുമണ്ണില്‍ ‘സീതാരാമ’ത്തിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. നാഷണല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ചിത്രത്തെ കുറിച്ച് മികച്ച റിവ്യൂവാണ് വന്നിരിക്കുന്നത്. 92 ശതമാനമാണ് റേറ്റിങ്ങ്. 1965ലെ, ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രമാണിത്. ‘സീതാരാമം’ ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം തന്നെ ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് ‘റാം’ എന്നും മറ്റൊരു നടനെയും ഇതിനായി ആലോചിച്ചില്ലെന്നും സംവിധായകന് ഹനു രാഘവപ്പുഡി പറയുമ്പോള്‍ ശരിക്കും അമ്പരന്നു പോയത് തെന്നിന്ത്യന്‍ സിനിമാലോകം ആകെയാണ്.
കേരളത്തിനു പുറത്ത് അത്രയ്ക്കൊന്നും അറിയപ്പെടാത്ത ദുല്‍ഖറിനെ വച്ച് ഒരു പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യുക എന്നത് വലിയ റിസ്ക്ക് തന്നെയാണ്. ആ റിസ്ക്ക് സംവിധായകനും നിര്‍മ്മാതാക്കളും ഏറ്റെടുത്തതോടെ പുതിയ ചരിത്രമാണ് പിറന്നിരിക്കുന്നത്. മറ്റൊരു മലായള താരത്തിനും കരസ്ഥമാക്കാന്‍ പറ്റാത്ത നേട്ടമാണ് ഒറ്റ സിനിമയിലൂടെ ഒറ്റയടിക്ക് ദുല്‍ഖര്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. സീതാരാമത്തിന്റെ വമ്പന്‍ വിജയത്തോടെ വന്‍കിട സിനിമാ നിര്‍മ്മാതാക്കളും സംവിധായകരും ദുല്‍ഖറിന്റെ ഡെയ്റ്റിനായി കാത്തു നില്ക്കുന്ന സാഹചര്യമാണ് ഉള്ളത്. പുതിയ കാലം, പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാലമായതിനാല്‍ മികച്ച കഥകള്‍ക്കൊപ്പം ദുല്‍ഖറിനെ പോലെയുള്ള താരങ്ങളുടെയും പ്രസക്തിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ‘സീതാരാമം’ റിലീസ് ചെയ്യുന്നതുവരെ ആരും തന്നെ ഈ സിനിമയെ പ്രധാനപ്പെട്ട ഒരു സിനിമയുടെ ലിസ്റ്റില്‍ പോലും പെടുത്തിയിരുന്നില്ല. എന്നാല്‍, സിനിമ റിലീസ് ആയതോടെ ആ ചിന്താഗതിക്കാരുടെ മനവും മാറി.
സോഷ്യല്‍ മീഡിയകളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഏറ്റവും അധികം പ്രശംസകിട്ടിയ ചിത്രമായാണ് സീതാരാമം നിലവില്‍ മാറിയിരിക്കുന്നത്. ദുല്‍ഖര്‍ സല്മാന് നായകനായ ചിത്രത്തില്‍ രാശ്മിക മന്ദാനയും സുമന്ദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ തന്നെയായിരുന്നു. സീതാരാമിലൂടെ അതിര്‍ത്തി ഭേദിച്ച് ദുല്‍ഖര്‍ തരംഗമായി പടരുമ്പോള്‍ രാജ്യത്ത് മലയാള സിനിമാ മേഖല കൂടിയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കമല്‍ ഹാസന്റെ പാന്‍ ഇന്ത്യന്‍ സിനിമയായ ‘വിക്ര’ത്തിലൂടെ ഫഹദ് ഫാസില്‍ ശക്തമായ സാന്നിധ്യമറിയിച്ചതിനു തൊട്ടുപിന്നാലെയാണ് സീതാരാമിലൂടെ ഒറ്റയടിക്ക് ദുല്‍ഖറും സൂപ്പര്‍ ഹീറോയായിരിക്കുന്നത്. ഒരു മലയാള നടന് നായകനായി അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘സീതാരാമം’ ഇനി ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നത്.
EXPRESS KERALA VIEW