‘സല്യൂട്ടി’ന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനും കോക്ക്ടെയില്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഡയാന പെന്റിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് സല്യൂട്ട്. ദുല്‍ഖര്‍ സല്‍മാന്‍ മുഴുനീള പൊലീസുകാരനായി വേഷമിടുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്.

എസ്‌ഐ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസുകാരനായാണ് ദുല്‍ഖര്‍ എത്തുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ, സല്യൂട്ടില്‍ നിന്നും ഒരു തകര്‍പ്പന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഒപ്പം, കൊവിഡിനെ അതിജീവിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയും പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ചു. ‘ഈ സമയവും കടന്ന് നിങ്ങള്‍ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ നിര്‍മിക്കുന്ന സാഹചര്യത്തിലേക്ക് ഞങ്ങള്‍ മടങ്ങും. ആ ചെറിയ സമയം വരെ ഇതൊന്നും ഒരിക്കലും സംഭവിച്ചില്ലെന്ന് വിശ്വസിക്കാം,’ ദുല്‍ഖര്‍ പോസ്റ്ററിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.

ചെങ്കൊടികളുമായി നില്‍ക്കുന്ന സമരക്കാര്‍ക്കിടയില്‍ മാസ് ഗെറ്റപ്പില്‍ വാക്കി ടോക്കിയും പൊലീസ് വടിയും പിടിച്ചുനില്‍ക്കുന്ന എസ്‌ഐ അരവിന്ദ് കരുണാകരനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മനോജ് കെ. ജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അസ്ലം കെ. പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് ആണ്.

സന്തോഷ് നാരായണനാണ് സംഗീത സംവിധായകന്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Top